അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി സന്യാസിനികളുടെ കൂട്ടായ്മ

ഭാരതത്തിലെ പതിനാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള 34 സന്യാസ സഭകളുടെ എഴുപതോളം പ്രതിനിധികള്‍ ചെന്നൈയില്‍ സമ്മേളിച്ചു പാര്‍ശ്വവത്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ദരിദ്ര ജനങ്ങള്‍ക്കിടയില്‍ വിശേഷിച്ചു ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കു രൂപം നല്‍കി. ദരിദ്രരുടെയും ദളിതരുടെയും പുനരുദ്ധാരണത്തെ സംബന്ധിച്ച പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. ദളിത് വിവേചനത്തിനെതിരെ സഭാതലത്തിലും സാമൂഹിക രംഗങ്ങളിലും സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
കത്തോലിക്കാ പുരോഹിതരും സന്യസ്തരും ക്രിസ്തുവിനെ പിന്‍ചെന്നുകൊണ്ട് അനീതി നിറഞ്ഞ സാഹചര്യങ്ങളോട് പ്രതികരിക്കണമെന്നും സമത്വാധിഷ്ഠിതമായ ഒരു സമൂഹനിര്‍മ്മിതിക്കായി യത്നിക്കണമെന്നും സമ്മേളനം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഭാരത പൗരന്മാരില്‍ ആറില്‍ ഒരാള്‍ ദളിതനാണ്. എന്നാല്‍ ജാതിവ്യവസ്ഥ ദളിതരെ തകര്‍ക്കുകയും വിവേചനകള്‍ക്കു വിധേയരാക്കുകയും ചെയ്യുന്നു. ദളിത് സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ വര്‍ണനാതീതമാണ് — പ്രസ്താവനയില്‍ പറയുന്നു.
സ്വാതന്ത്ര്യം നേടി 70 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജാതിയുടെ പേരിലുള്ള വിവേചനവും മറ്റു പ്രശ്നങ്ങളും ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുകയാണ്. സന്യസ്തരെന്ന വിധത്തില്‍ പ്രവാചക ദൗത്യമുള്ള തങ്ങള്‍ക്ക് ഈ വിഷയങ്ങളോട് നിസ്സംഗത പുലര്‍ത്താനാവില്ലെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊണ്ട യേശുവിന്‍റെ വഴി ഇക്കാര്യത്തില്‍ തങ്ങള്‍ അനുവര്‍ത്തിക്കുകയാണെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org