മതത്തിന്‍റെ പേരില്‍ ആദിവാസികളെ ഭിന്നിപ്പിക്കരുത്: ആദിവാസി മെത്രാന്മാര്‍

മതത്തിന്‍റെ പേരില്‍ ആദിവാസി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ ഒന്നിച്ചു നിന്നു പോരാടാന്‍ ജാര്‍ഘണ്ടിലെ റാഞ്ചിയില്‍ സമ്മേളിച്ച ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ള മെത്രാന്മാര്‍ തീരുമാനിച്ചു. "ഞങ്ങളുടെ ജനങ്ങള്‍ വളരെ നിഷ്കളങ്കരും സത്യസന്ധരുമാണ്. അവരെ ചൂഷണം ചെയ്യാനുള്ള തന്ത്രങ്ങള്‍ പഠിച്ചവരാണ് സങ്കുചിത മനസ്ക്കരായ വിഭാഗീയ ചിന്തക്കാര്‍" — ഭാരതത്തിലെ പ്രഥമ ആദിവാസി കര്‍ദിനാളായ ഡോ. ടെലസ്ഫോര്‍ ടോപ്പോ പറഞ്ഞു. ആദിവാസികളായ കത്തോലിക്കാ വിശ്വാസികള്‍ നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മെത്രാന്മാരുടെ ആലോചനാ യോഗത്തില്‍ 11 മെത്രാന്മാര്‍ പങ്കെടുത്തു.
മധ്യഭാരതത്തിലെ ആദിവാസി ജനത നേരിടുന്ന വലിയ പ്രശ്നം വര്‍ഗീയവാദികളുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ്. ഹിന്ദു, അഹിന്ദു എന്നിങ്ങനെ തരംതിരിച്ചു രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആദിവാസികളെ വിഭജിക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി. ഇതിനെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും മെത്രാന്മാര്‍ക്ക് കാര്‍ഡിനല്‍ ടോപ്പോ മുന്നറിയിപ്പു നല്‍കി. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഓരോ രൂപതയിലും ഒരു വൈദികനെയും അല്മായനെയും ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഇന്ത്യയിലെ 171 കത്തോലിക്കാ രൂപതകളില്‍ 26 എണ്ണം ആദിവാസികള്‍ക്കു ഭൂരിപക്ഷമുള്ളതാണ്. ഭാരതത്തിന്‍റെ മധ്യ, ഉത്തര-പൂര്‍വ ദേശങ്ങളിലാണ് ഈ രൂപതകളൊക്കെയും സ്ഥിതി ചെയ്യുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org