ആദിവാസികളെ സഭ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ബിജെപി

ജാര്‍ഘണ്ടില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ഭൂമി കുടിയിരുപ്പ് നിയമത്തിനെതിരെ ഗവര്‍ണറെ കണ്ട കത്തോലിക്കാ സഭ നേതൃത്വത്തിനെതിരെ ബിജെപി. നിയമസഭയില്‍ പാസ്സാക്കാന്‍ ഒരുങ്ങുന്ന നിയമത്തിന്‍റെ പേരില്‍ ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നും കോര്‍പ്പറേറ്റുകള്‍ ഭൂമി കൈവശപ്പെടുത്തി ചൂഷണം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി ആദിവാസി സംഘടനകളും സഭയും നടത്തുന്ന പ്രക്ഷോഭങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ പറഞ്ഞു.
മതപരുരോഹിതര്‍ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി ജനങ്ങളെ വഴിതെറ്റിക്കരുത്. പുരോഹിതരുടെ താത്പര്യമെന്തെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. അതു അനുവദിക്കില്ല. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ഒതുങ്ങി നിന്നുള്ള കാര്യങ്ങള്‍ മാത്രമാണ് മതപുരോഹിതര്‍ ചെയ്യേണ്ടത് — ലക്ഷ്മണ്‍ ഗിലുവ വിശദീകരിച്ചു.
കര്‍ദിനാള്‍ ടെലസ്ഫോര്‍ പി. ടോപ്പോയുടെ നേതൃത്വത്തില്‍ ആദിവാസി മേഖലയിലെ കത്തോലിക്കാ പുരോഹിതര്‍ ജാര്‍ഘണ്ടിലെ ഗവര്‍ണറെ അടുത്തിടെ സന്ദര്‍ശിച്ച് ആദിവാസികള്‍ക്കു ദോഷകരമാകുന്ന നിയമങ്ങള്‍ പാസ്സാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു നിവേദനം നല്‍കിയിരുന്നു. ആദിവാസി ഭൂമികള്‍ കൃഷിയേതര ആവശ്യങ്ങള്‍ക്കായും മറ്റും സര്‍ക്കാരിന് ഏറ്റെടുക്കാമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമം കഴിഞ്ഞ നവംബറില്‍ നിയമ സഭ അംഗീകരിച്ചിരുന്നു. പ്രസ്തുത ബില്‍ ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. നിയമം പ്രാബല്യത്തിലായാല്‍ ആദിവാസികള്‍ക്കു പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ഭൂമിയുടെ മേല്‍ അധികാരമില്ലാതാകുമെന്നും അവ നഷ്ടപ്പെടുമെന്നും വന്‍കിട കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിനു വിധേയരാകുമെന്നുമാണ് ആദിവാസി സംഘടനകളും സഭയും ആശങ്കപ്പെടുന്നത്.
സഭയുടെ ഈ നിലപാടിനും ആദിവാസികളെ സംഘടിപ്പിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്കും എതിരെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തു വന്നിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ആരോപണങ്ങളോടു പ്രതികരിക്കാന്‍ കര്‍ദിനാള്‍ ടോപ്പോ വിസമ്മതിച്ചു. ഗവര്‍ണര്‍ക്കു കൊടുത്തിരിക്കുന്ന നിവേദനത്തിന്‍റെ കാര്യത്തില്‍ തീരുമാനമാകട്ടെ എന്നതാണ് സഭയുടെ നിലപാടെന്ന് സഭാവൃത്തങ്ങള്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org