എറണാകുളം അങ്കമാലി അതിരൂപതയില്‍ ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധ സമ്മേളനം

എറണാകുളം അങ്കമാലി അതിരൂപതയില്‍ ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധ സമ്മേളനം

കൊച്ചി: സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന്‍ തയാറാക്കിയ കേരള ചര്‍ച്ച് ബില്‍ 2019-ന്‍റെ കരട് ബില്ലിലെ കെണികള്‍ തിരിച്ചറിഞ്ഞു ശക്തമായും വിവേകത്തോടും പ്രതികരിക്കണമെന്നു ജസ്റ്റീസ് ഏബ്രഹാം മാത്യു അഭിപ്രായപ്പെട്ടു. ക്രൈസ്തവസഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിലവില്‍ നിയമങ്ങളില്ലെന്ന കമ്മീഷന്‍റെ വാദം ആശ്ചര്യജനകമാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ബില്ലിനെതിരെ എറണാകുളം അങ്കമാലി അതിരൂപത സംഘടിപ്പിച്ച പ്രതിഷേധസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ലിറ്റോ പാലത്തിങ്കല്‍ ചര്‍ച്ച് ബില്ലിന്‍റെ വിശകലനവും ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ റവ. ഡോ. പോള്‍ തേലക്കാട്ട്, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്‍റ് ഫ്രാന്‍സിസ് മൂലന്‍, കെസിവൈഎം അതിരൂപത സെക്രട്ടറി ജിസ് മോന്‍ ജോണ്‍, പ്രഫ. റാന്‍സമ്മ എന്നിവര്‍ പ്രതികരണങ്ങളും നടത്തി. വിഷയാവതരണങ്ങളുടെയും പ്രതികരണങ്ങളുടെയും സംഗ്രഹം പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി സിജോ പൈനാടത്തും പ്രമേയം എറണാകുളം ബസിലിക്ക കൈക്കാരന്‍ തങ്കച്ചന്‍ പേരയിലും അവതരിപ്പിച്ചു. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ബിഷപ് മാര്‍ ജോസ് പുത്തന്‍ വീട്ടില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി. ജരാര്‍ദ്ദ് എന്നിവര്‍ പ്രസംഗിച്ചു.

എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപതയിലെ ഫൊറോന, ഇടവക വികാരിമാര്‍, സമര്‍പ്പിതസമൂഹങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍, സഭാസ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍, കൈക്കാരന്മാര്‍, ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

നിക്ഷിപ്ത താത്പര്യങ്ങളോടെ സഭയുടെമേല്‍ നിയമവിരുദ്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഏതു നീക്കവും ശക്തമായി പ്രതിരോധിക്കുമെന്നു സമ്മേളനം മുന്നറിയിപ്പു നല്കി. ചര്‍ച്ച് ബില്‍ നടപ്പാക്കുന്നതിന് ഉദ്ദേശമില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമനിര്‍മാണ ശിപാര്‍ശയില്‍ നിന്നു നിയമപരിഷ്കരണ കമ്മീഷന്‍ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org