വിവാദ ഇസ്രായേലി നിയമത്തിനെതിരെ സഭ

വിവാദ ഇസ്രായേലി നിയമത്തിനെതിരെ സഭ

ഇസ്രായേലിന്‍റെ യഹൂദപാരമ്പര്യം ആവര്‍ത്തിച്ചുറപ്പിക്കുന്ന നിയമനിര്‍മ്മാണത്തില്‍ യഹൂദരല്ലാത്ത ജനതയോടുള്ള കടുത്ത വിവേചനം അടങ്ങിയിട്ടുണ്ടെന്ന് ജറുസലേമിലെ ലത്തീന്‍ കത്തോലിക്കാ പാത്രിയര്‍ക്കേറ്റ് വ്യക്തമാക്കി. ഒരു ജനവിഭാഗത്തിന്‍റെയാകെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഒരു നിയമം ഭരണഘടനയുടെ ഭാഗമാക്കുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണെന്നു പാത്രിയര്‍ക്കേറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. പ്രായോഗിക തലത്തില്‍ ഈ നി യമം കൊണ്ട് യഹൂദേതര വിഭാഗങ്ങള്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കില്ല. പക്ഷേ ഇത് ഇസ്രായേലിലെ മറ്റു വിഭാഗങ്ങള്‍ക്കു നല്‍കുന്നത് തെറ്റായ സന്ദേശമാണ് – പ്രസ്താവന തുടരുന്നു.

"ഇസ്രായേല്‍ യഹൂദജനതയുടെ ചരിത്രപരമായ മാതൃഭൂമിയാണ്" എന്ന ഒരു നിര്‍വചനമാണ് നിയമനിര്‍മ്മാണത്തിലൂടെ കൊണ്ടുവന്നിരിക്കുന്നത്. ഇതു ഭരണഘടനാപരമായ ഒരു ഭേദഗതിയാണ്. അമേരിക്കയിലെ ശക്തമായ യഹൂദവേദിയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഈ നിയമനിര്‍മ്മാണത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇസ്രായേലില്‍ പലസ്തീന്‍ വംശജര്‍ 20 ശതമാനത്തോളമുണ്ട്. രണ്ടു ശതമാനത്തോളം ക്രൈസ്തവരാണ്. ഒന്നര ലക്ഷത്തോളം അംഗങ്ങളുള്ള ദ്രൂസ് എന്ന ഒരു ഏകദൈവമതവിഭാഗവും ഇസ്രായേലിലുണ്ട്. ഇവര്‍ ഇസ്രായേല്‍ സൈന്യത്തില്‍ വലിയ സേവനങ്ങള്‍ പരമ്പരാഗതമായി ചെയ്തു പോന്നിട്ടുള്ളവരാണ്. ഇവരെയെല്ലാം മാനസികമായി സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു നിയമനിര്‍മ്മാണമാണ് ഇസ്രായേല്‍ നടത്തിയിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org