Latest News
|^| Home -> International -> സിറിയയിലെ ക്രിസ്ത്യാനികള്‍ക്കായി യൂറോപ്പില്‍ പുതിയ ധനസമാഹരണം

സിറിയയിലെ ക്രിസ്ത്യാനികള്‍ക്കായി യൂറോപ്പില്‍ പുതിയ ധനസമാഹരണം

Sathyadeepam

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ആക്രമണങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ സിറിയയിലെ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനു പുതിയൊരു ധനസമാഹരണയജ്ഞത്തിന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) എന്ന കത്തോലിക്കാസംഘടന തുടക്കമിട്ടു. സിറിയയിലെ യുദ്ധം അവസാനിക്കുകയോ ഭീകരവാദത്തെ പരാജയപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ അവിടത്തെ ക്രൈസ്തവസഹോദരങ്ങളെ സഹായിക്കുക അത്യാവശ്യമായിരിക്കുന്നുവെന്ന് എസിഎന്‍ അറിയിച്ചു.

സിറിയയിലെ പ്രധാന നഗരങ്ങളിലൊന്നായ ആലെപ്പോ 2012 മുതല്‍ 2016 വരെയുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തിനിടെ പൂര്‍ണമായി തകര്‍ന്നു. അവിടെ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കാനായിട്ടില്ല. മുമ്പ് ഇവിടെ 1.8 ലക്ഷം ക്രൈസ്തവരുണ്ടായിരുന്നത് ഇപ്പോള്‍ 32000 ആയി കുറഞ്ഞു. ഈ കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ മുതല്‍ പാചകവാതകവും ഇന്ധനവും വരെ എത്തിച്ചു നല്‍കേണ്ട സ്ഥിതിയുണ്ട്. ആലെപ്പോയിലെ ക്രൈസ്തവരെ സഹായിക്കാനുള്ളതാണ് എസിഎന്‍ ഇപ്പോള്‍ ധനസമാഹരണം നടത്തുന്ന ഒരു പദ്ധതി. ദമാസ്കസില്‍ നടപ്പാക്കുന്നത് രോഗികളായ ക്രൈസ്തവര്‍ക്കു ചികിത്സ നല്‍കുന്നതിനുള്ള പദ്ധതിയാണ്. ഇതുവരെ എസിഎന്‍ ഏകദേശം 3.4 കോടി ഡോളര്‍ സിറിയയിലെ ക്രൈസ്തവസഭകളെ സഹായിക്കുന്നതിനു നല്‍കിയിട്ടുണ്ട്. വീടുകളുടെയും പള്ളികളുടെയും പുനഃനിര്‍മ്മാണത്തിനാണ് ഈ തുകയിലേറെയും ചിലവഴിച്ചിട്ടുള്ളത്.

Leave a Comment

*
*