ഫലപ്രദമായ അജപാലന ശുശ്രൂഷയ്ക്ക് അടിസ്ഥാന മാറ്റം അനിവാര്യം

ഭാരത സഭ കാലഘട്ടത്തിന്‍റെ അടയാളങ്ങള്‍ മനസ്സിലാക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് ആധുനിക ലോകത്തില്‍ വ്യാപരിക്കണമെന്നും ഇന്‍ഡോറില്‍ കൂടിയ കാത്തലിക് പ്രീസ്റ്റ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിപിസിഐ) സമ്മേളനം അഭിപ്രായപ്പെട്ടു. വിവരസാങ്കേതികതയുടെയും ഉപഭോഗസംസ്കാരത്തിന്‍റെയുമൊക്കെ കാലഘട്ടത്തില്‍ പരസ്പരം ആശ്ലേഷിചും പിന്തുണച്ചും ഇടപഴകിയും അറിഞ്ഞും ജീവിക്കാനുള്ള വെല്ലുവിളികള്‍ അനേകമാണെന്ന് സിപിസിഐയുടെ 32 ാം വാര്‍ഷിക സമ്മേളനം നിരീക്ഷിച്ചു.

ഇന്‍ഡോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സല്‍ സോളിഡാരിറ്റി മൂവ്മെന്‍റിന്‍റെ സ്ഥാപക ഡയറകടര്‍ ഫാ. വര്‍ഗീസ് ആലങ്ങാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അജപാലന ശുശ്രൂഷയുടെ സമീപനങ്ങളിലെ അടിസ്ഥാന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. പരമ്പരാഗത സങ്കല്പത്തില്‍ നിന്നു മാറി പ്രവാചകദൗത്യത്തിന്‍റെ പൗരോഹിത്യം സംജാതമാകണം. അത്തരക്കാര്‍ രാജ്യത്തിന്‍റെ പ്രവാചകരാകും. "മുഖ്യധാരയിലേക്ക് അവര്‍ കടന്നു ചെല്ലണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവര്‍ ഉപ്പും പ്രകാശവുമാകണം." സന്നദ്ധ സംഘടനകളോടും മതേതര സംഘടനകളോടും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വൈദികര്‍ മുന്നിട്ടിറങ്ങണമെന്നും ഫാ. ആലങ്ങാടന്‍ ഉത്ബോധിപ്പിച്ചു.

സുഖസൗകര്യങ്ങളുടെ താവളങ്ങളില്‍ നിന്നു പുറത്തുകടന്ന് സുവിശേഷത്തിന്‍റെ പ്രകാശം അനിവാര്യമായ അരികുകളിലേക്ക് വൈദികര്‍ കടന്നുചെല്ലാന്‍ തയ്യാറാകണമെന്ന് സിപിസിഐ സെക്രട്ടറി ഫാ. ഫിലിപ്പ് കട്ടക്കയം അനുസ്മരിപ്പിച്ചു. കാണ്ടുവ ബിഷപ് അലങ്കാരം ആരോക്യ സെബാസ്റ്റ്യന്‍ ദുരൈരാജ് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. ഫാ. എക്സ്.ഡി. സെല്‍വരാജ്, സിപിസിഐ പ്രസിഡന്‍റ് ഫാ. ലോറന്‍സ് കുലാസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org