“അത്ഭുതസൗഖ്യങ്ങള്‍ യുക്തിക്കോ ശാസ്ത്രത്തിനോ എതിരല്ല”

“അത്ഭുതസൗഖ്യങ്ങള്‍ യുക്തിക്കോ ശാസ്ത്രത്തിനോ എതിരല്ല”

രോഗചികിത്സയും രോഗസൗഖ്യവും തമ്മില്‍ അന്തരമുണ്ടെന്നും ഒരു വ്യക്തിയുടെ രോഗസൗഖ്യത്തില്‍ അദ്ദേഹത്തിന്‍റെ ആത്മീയതയ്ക്കും മനഃശാസ്ത്രപരമായ ഘടകങ്ങള്‍ക്കും സ്വാധീനമുണ്ടെന്നും അതിനാല്‍ അത്ഭുതസൗഖ്യങ്ങള്‍ യുക്തിക്കോ ശാസ്ത്രത്തിനോ എതിരല്ലെന്നും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വൈസ് പ്രിന്‍സിപ്പലും ന്യൂറോളജി വിഭാഗം തലവനുമായ ഡോ. ആനന്ദ്കുമാര്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ നാമകരണ നടപടികളിലെ അത്ഭുതസൗഖ്യങ്ങള്‍ – യുക്തിയും സത്യവും എന്ന വിഷയത്തെക്കുറിച്ച് പിഒസിയില്‍ നടന്ന സിമ്പോസിയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അറിവിനെ സംബന്ധിക്കുന്ന പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് ആഖ്യാനം ചെയ്യുമ്പോള്‍ അത്ഭുതങ്ങള്‍ അസാധുവാകുകയല്ല, നേരെ മറിച്ച് അതിന് കൂടുതല്‍ യുക്തിപരമായ സ്വീകാര്യത കൈവരിക്കുകയാണ് ചെയ്യുന്നതെന്ന് റവ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി സിഎസ്റ്റി. അഭിപ്രായപ്പെട്ടു. മനോജന്യ രോഗസൗഖ്യം എന്ന ചട്ടക്കുടിനുള്ളില്‍ ഒതുക്കാന്‍ സാധിക്കുന്നവയല്ല അത്ഭുതരോഗശാന്തികളെന്ന് വിശേഷിപ്പിക്കുന്ന രോഗസൗഖ്യങ്ങള്‍ എന്ന് സൈക്കോളജിസ്റ്റ് നിഷ ജോസ് നിരീക്ഷിച്ചു. വിശുദ്ധരുടെ നാമകരണത്തില്‍ അത്ഭുതരോഗശാന്തി വിശകലനം ചെയ്ത് സ്ഥിരികരിക്കുന്ന നടപടിക്രമങ്ങള്‍ റവ. ഡോ. റോയി കടുപ്പില്‍ വിശദീകരിച്ചു. ശാസ്ത്രീയ വിശകലനങ്ങള്‍ക്കതീതവും ഉടനടി സംഭവിക്കുന്നതുമായ സൗഖ്യങ്ങളെ മാത്രമേ അത്ഭുതമായി സഭ പരിഗണിക്കൂ എന്നും നാമകരണനടപടിയില്‍ ദൈവത്തിന്‍റെ കയ്യൊപ്പാണ് അത്ഭുതങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

കയോസ് സിദ്ധാന്തം, ക്വാണ്ടം സിദ്ധാന്തം തുടങ്ങിയ ശാസ്ത്ര മുന്നേറ്റങ്ങള്‍ നമ്മുടെ പരിമിതികളെക്കൂടി നമുക്കു പറഞ്ഞു തരുന്നവയാണെന്നും, നമ്മുടെ ചിന്തയുടെ സ്വാഭാവിക ചട്ടക്കൂട്ടില്‍ ഒതുങ്ങാത്തതുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ സംഭവിക്കുന്ന രോഗശാന്തി അശാസ്ത്രീയമാണെന്ന് പറയാന്‍ സാധിക്കില്ല എന്നും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ ഡോ. സി. രാധാകൃഷ്ണന്‍ പറഞ്ഞു. സിമ്പോസിയത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടി പുത്തന്‍പുരയില്‍ സിഎസ്റ്റി സ്വാഗതം ആശംസിച്ച യോഗത്തിനു സിസ്റ്റര്‍ എല്‍സി സേവ്യ നന്ദി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org