ആമസോണ്‍ കാട്ടുതീ: മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു

ആമസോണ്‍ കാട്ടുതീ: മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു
Published on

ആമസോണ്‍ കാടുകള്‍ ഭൂമിയെ സംബന്ധിച്ചു നിര്‍ണ്ണായകമാണെന്നും അവിടെ പടരുന്ന കാട്ടുതീ എത്രയും വേഗം നിയന്ത്രിക്കേണ്ടതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഫ്രാന്‍സില്‍ നടന്ന ജി-7 ഉച്ചകോടിയും ഈ വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്തിരുന്നു. ആഗോളതലത്തിലുയര്‍ന്ന വ്യാപകമായ വിമര്‍ശനത്തിനു ശേഷം ബ്രസീല്‍ ഭരണകൂടം സൈന്യത്തെ വിന്യസിച്ചു തീയണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആറു സംസ്ഥാനങ്ങളിലേയ്ക്കു പടരുന്ന തീയണയ്ക്കാന്‍ അര ലക്ഷത്തോളം സൈനികരെ ലഭ്യമാക്കിയിട്ടുണ്ട്.

ആമസോണ്‍ മേഖലയിലെ കത്തോലിക്കാ സന്നദ്ധസംഘടനകളും ലാറ്റിനമേരിക്കന്‍ മെത്രാന്‍ സംഘങ്ങളും ആമസോണ്‍ വനങ്ങള്‍ കത്തി നശിക്കുന്നതില്‍ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ ഒരു പ്രാദേശിക പ്രശ്നമായി കാണരുതെന്നും അന്താരാഷ്ട്ര ഇടപെടല്‍ അത്യാവശ്യമാണെന്നും മെക്സിക്കന്‍ മെത്രാന്‍ സംഘം പ്രസ്താവിച്ചു. ബ്രസീലിന്‍റെ അയല്‍രാജ്യങ്ങളായ ബൊളീവിയ, പരാഗ്വേ എന്നിവിടങ്ങളിലേയ്ക്കും തീ പടര്‍ന്നിരിക്കുന്നതായി മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. ബ്രസീലില്‍ ഇതുവരെ 12 ലക്ഷം ഏക്കര്‍ കാടുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org