തദ്ദേശജനതയ്ക്കൊപ്പം നില്‍ക്കുമെന്ന് ആമസോണ്‍ സിനഡ്; പാപ്പായ്ക്കൊപ്പമെന്ന് തദ്ദേശജനത

തദ്ദേശജനതയ്ക്കൊപ്പം നില്‍ക്കുമെന്ന് ആമസോണ്‍ സിനഡ്; പാപ്പായ്ക്കൊപ്പമെന്ന് തദ്ദേശജനത

ആമസോണ്‍ പ്രദേശത്തെ ആദിമനിവാസികളായ തദ്ദേശജനതയ്ക്കൊപ്പം നില്‍ക്കുമെന്നും അവരെ പിന്തുണയ്ക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയും ആമസോണ്‍ സിനഡില്‍ പങ്കെടുക്കുന്ന ലത്തീന്‍ അമേരിക്കന്‍ മെത്രാന്മാരും പ്രഖ്യാപിച്ചു. അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പയെ തങ്ങള്‍ തനിച്ചാക്കില്ലെന്നും അദ്ദേഹത്തിനൊപ്പം ചേര്‍ന്നു നടക്കുമെന്നും ആമസോണ്‍ പ്രദേശത്തു നിന്നുള്ള ആദിമനിവാസികളുടെ പ്രതിനിധികളും വ്യക്തമാക്കി.

നാല്‍പതോളം തദ്ദേശജനതാനേതാക്കള്‍ ആമസോണ്‍ സിനഡിനിടയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. സിനഡ് വിളിച്ചു കൂട്ടിയതിനു പാപ്പായ്ക്കു നന്ദി പറഞ്ഞ അവര്‍, തങ്ങളുടെ ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതത്തിനു പാപ്പായുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ ഭൂമിയും ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടണമെന്നും വരുംതലമുറകള്‍ക്കുകൂടി അവയെല്ലാം പ്രയോജനപ്പെടുത്താന്‍ കഴിയേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ആമസോണിയന്‍ സ്വഭാവത്തോടെ സുവിശേഷം പ്രഘോഷിക്കാന്‍ ആമസോണ്‍ മേഖലയിലെ സഭയ്ക്കു കഴിയണമെന്നു പാപ്പാ പറഞ്ഞു. സുവിശേഷം ഒരു വിത്താണ്. നടുന്ന മണ്ണ് അതിന്‍റെ വളര്‍ച്ചയെ ശക്തമായി സ്വാധീനിക്കും. സുവിശേഷം സാംസ് കാരികമായി അനുരൂപണപ്പെടണം. യേശുക്രിസ്തുവിനെ കുറിച്ചുള്ള പ്രഘോഷണം സ്വന്തം സംസ്കാരത്തിലാണു ജനങ്ങള്‍ ശ്രവിക്കേണ്ടത് – പാപ്പാ പറഞ്ഞു.

ലാറ്റിനമേരിക്കയില്‍ നിന്നെത്തിയ ആദിമനിവാസികളുടെ പ്രതിനിധികള്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ ആദിമനിവാസികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും തങ്ങളുടെ ജനത എല്ലായിടത്തും നേരിടുന്ന പൊതുവായ പ്രതിസന്ധികളെ കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org