Latest News
|^| Home -> International -> വയോധികര്‍ക്കു പൗരോഹിത്യം ആമസോണ്‍ സിനഡ് ചര്‍ച്ച ചെയ്യും

വയോധികര്‍ക്കു പൗരോഹിത്യം ആമസോണ്‍ സിനഡ് ചര്‍ച്ച ചെയ്യും

Sathyadeepam

വയോധികരായ തദ്ദേശീയര്‍ക്കു പൗരോഹിത്യം നല്‍കുന്നതിനെ കുറിച്ച് ആമസോണ്‍ മേഖലയിലെ മെത്രാന്മാരുടെ സമ്മേളനം ചര്‍ച്ച ചെയ്യും. ഈ വിഷയം സിനഡിന്‍റെ ഔപചാരികമായ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരുന്ന ഒക്ടോബറില്‍ റോമിലാണു സിനഡ്. സിനഡിന്‍റെ ഒരുക്കരേഖയില്‍ ഇതു പരാമര്‍ശിക്കുന്നുണ്ട്.

ആമസോണ്‍ നദീതടരാജ്യങ്ങളിലെ ദുര്‍ഗമങ്ങളായ പ്രദേശങ്ങളില്‍ അജപാലനത്തിനു ള്ള പ്രശ്നങ്ങള്‍ നേരിടുകയാണ് ഈ ആലോചനകളുടെ ലക്ഷ്യമെന്നു രേഖ വ്യക്തമാക്കുന്നു. ബ്രഹ്മചര്യം സഭയ്ക്കുള്ള മഹാദാനമാണെന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ വിവാഹിതരും കുടുംബമുള്ളവരുമായ മുതിര്‍ന്നവര്‍ക്കു പൗരോഹിത്യം നല്‍കുന്നതിനെ കുറിച്ചു പഠിക്കണമെന്നു രേഖ നിര്‍ദേശിക്കുന്നു. വൈദികദൗര്‍ലഭ്യം അനുഭവപ്പെടുന്ന ആമസോണ്‍ പ്രദേശങ്ങളിലെ ദൈവജനത്തിന്‍റെ കൗദാശികജീവിതത്തെ പിന്തുണയ്ക്കാന്‍ ഇതു സഹായിക്കുമെന്ന പ്രത്യാശയാണ് ഇതിനെ പിന്തുണയ്ക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്നത്. തദ്ദേശവംശജരും സ്വന്തം സമൂഹത്തില്‍ ആദരവും സ്വീകാര്യതയുമുള്ള വ്യക്തികളെയാണു ഇതിനു പരിഗണിക്കേണ്ടത്.

ആമസോണ്‍ പ്രദേശത്തെയും പസഫിക് ദ്വീപുരാജ്യങ്ങളിലെയും വിശ്വാസികള്‍ക്കു മാസങ്ങള്‍ കൂടുമ്പോഴാണ് ഒരു പുരോഹിതന്‍റെ സേവനം ഇപ്പോള്‍ ലഭ്യമാകുന്നത്. ചില പൗരസ്ത്യ കത്തോലിക്കാസഭകളില്‍ വിവാഹിതര്‍ക്കു പൗരോഹിത്യം നല്‍കുകയും വിവാഹിതരായ ചില പ്രൊട്ടസ്റ്റന്‍റ് വൈദികരെ വൈദികരായി തന്നെ കത്തോലിക്കാസഭയിലേയ്ക്കു സ്വീകരിക്കുകയും ചെയ്യുന്ന രീതി, ആമസോണിന്‍റെ പ്രത്യേകസാഹചര്യത്തില്‍ പിന്തുടരാവുന്നതാണെന്ന് ഇതിനെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു.

Leave a Comment

*
*