അമേരിക്കയില്‍ 2018 ല്‍ പൗരോഹിത്യം സ്വീകരിക്കുന്നത് 430 പേര്‍

അമേരിക്കയില്‍ 2018 ല്‍ പൗരോഹിത്യം  സ്വീകരിക്കുന്നത് 430 പേര്‍

അമേരിക്കന്‍ കത്തോലിക്കാ സഭയില്‍ ഈ വര്‍ഷം 430 പേര്‍ പൗരോഹിത്യം സ്വീകരിക്കുന്നു. 2017-ല്‍ 590 പേരാണ് യുഎസ് രൂപതകള്‍ക്കും സന്യാസസഭകള്‍ക്കുമായി പട്ടമേറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എണ്ണം കുറവുണ്ടെങ്കിലും പ്രത്യാശ പകരുന്ന കണക്കു തന്നെയാണിതെന്ന് യുഎസ് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ വൈദിക-സന്യസ്ത കമ്മീഷന്‍ ചെയര്‍മാന്‍ കാര്‍ഡിനല്‍ ജോസഫ് ടോബിന്‍ പറഞ്ഞു.

നവവൈദികരില്‍ നാലില്‍ മൂന്നു പേരാണ് അമേരിക്കയില്‍ തന്നെ ജനിച്ചു വളര്‍ന്നവര്‍. ബാക്കിയുള്ള 25% പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേയ്ക്കു കുടിയേറിയവരാണ്. മെക്സിക്കോ, വിയറ്റ്നാം, ഫിലിപ്പീന്‍സ്, കൊളംബിയ എന്നീ രാജ്യങ്ങളാണ് വിദേശത്തു ജനിച്ച നവവൈദികരിലേറെ പേരുടെയും ജന്മരാഷ്ട്രങ്ങള്‍. പട്ടമേല്‍ക്കുന്നവരുടെ ശരാശരി പ്രായം 35 വയസ്സാണ്. ഏതാണ്ട് പകുതി പേരും യൂണിവേഴ്സിറ്റി ബിരുദങ്ങള്‍ നേടിയ ശേഷം സെമിനാരിയില്‍ ചേര്‍ന്നവരാണ്. മൂന്നില്‍ രണ്ടു ഭാഗം പേരും സെമിനാരികളില്‍ ചേരുന്നതിനു മുമ്പ് മുഴുവന്‍ സമയ ജോലികള്‍ ചെയ്തു പരിചയമുള്ളവരാണ്. 90 ശതമാനം പേരും ശൈശവത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരാണ്. മുതിര്‍ന്ന ശേഷം കത്തോലിക്കാസഭയില്‍ ചേര്‍ന്നവരും വൈദികരായവരിലുണ്ട്. അവരുടെ ജ്ഞാനസ്നാനപ്രായം ശരാശരി 26 വയസ്സാണ്.

പകുതിയോളം പേര്‍ വിവിധ സെമിനാരികളും സന്യാസസഭകളും ആഴ്ചയവസാനങ്ങളില്‍ നടത്തുന്ന "വന്നു കാണുക" എന്ന ദൈവവിളി പ്രോത്സാഹന പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളവരാണ്. 86% പേരും തങ്ങളെ ഏതെങ്കിലും അടുപ്പക്കാരായ വ്യക്തികള്‍ വൈദികരാകാന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞു. പകുതിയോളം പേരെ മറ്റു വ്യക്തികള്‍ വൈദികവൃത്തി സ്വീകരിക്കുന്നതില്‍നിന്നു നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org