അനാഥ, ബാല മന്ദിരങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: സീറോ മലബാര്‍ സഭ

അനാഥ, ബാല മന്ദിരങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: സീറോ മലബാര്‍ സഭ

ഇടുക്കിയിലെ പട്ടയവിതരണം വേഗത്തിലാക്കണം

നിരാലംബരെ സംരക്ഷിക്കുന്ന അനാഥമന്ദിരങ്ങളുടെയും വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികളുടെയും ആവശ്യങ്ങളും അവകാശങ്ങളും പരിഗണിച്ചാവണം ജുവനൈല്‍ ജസ്റ്റീസ് (ജെജെ) ആക്ട് നടപ്പാക്കേണ്ടതെന്ന് സീറോ മലബാര്‍ സഭ സിനഡ്. ഇടുക്കിയിലെ പട്ടയവിതരണത്തിന്‍റെ നടപടികള്‍ വേഗത്തിലാക്കണമെന്നും സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജുവനൈല്‍ ജസ്റ്റീസ് ആക്ട് നടപ്പാകുമ്പോള്‍ കേരളത്തിലെ അനാഥമന്ദിരങ്ങളും ബാലഭവനങ്ങളും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം രൂപപ്പെടുകയാണ്. സാമൂഹ്യജീവിതത്തില്‍ കാരുണ്യത്തിന്‍റെ മുഖങ്ങളായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്ന ജെ ജെ ആക്ടിലെ നിര്‍ദേശങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും പുനരാലോചനകളും ആവശ്യമാണ്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും ജെ ജെ ആക്ടിന്‍റെ പരിധിയില്‍ ഉള്‍പ്പെടാത്തതുമായ, വിദ്യാഭ്യാസത്തിനു മാത്രം കുട്ടികളെ താമസിപ്പിക്കുന്ന ബാലമന്ദിരങ്ങള്‍ പ്രത്യേക വിഭാഗമായി പരിഗണിച്ച് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കണം. അനാഥ, ബാലമന്ദിരങ്ങളുടെ നിലനില്‍പിനു സഹായകമാകുന്ന നിലപാടാണു സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതെന്നും സിനഡ് അഭിപ്രായപ്പെട്ടു.

ഇടുക്കിയില്‍ ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നത് ആശാവഹമാണ്. എന്നാല്‍ പട്ടയ വിതരണം സംബന്ധിച്ച ഉത്തരവുകളും തുടര്‍നടപടികളും വേഗത്തിലാക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം നിയന്ത്രിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ ആവശ്യമാണ്. ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സംരക്ഷണം വേണം. വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനു ഫലപ്രദമായ നടപടികളാണ് ആവശ്യം. ഇതിനായി ഒരു കമ്മീഷനെ നിയോഗിക്കണമെന്നും സീറോ മലബാര്‍ സിനഡ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org