അനാഥാലയങ്ങളിലെ കുട്ടികളെ വലയ്ക്കുന്ന പുതിയ നിയമം പിന്‍വലിക്കണം : കെ.സി.ബി.സി.

അനാഥാലയങ്ങളിലെ കുട്ടികളെ വലയ്ക്കുന്ന പുതിയ നിയമം പിന്‍വലിക്കണം : കെ.സി.ബി.സി.
Published on

കൊച്ചി: കോവിഡ് ലോക്ഡൗണിനോടനുബന്ധിച്ച് വീടുകളിലേക്കു മടങ്ങേണ്ടിവന്ന അനാഥാലയങ്ങളിലെ കുട്ടികള്‍ തിരിച്ചെത്താനാവാതെ ദുരിതത്തിലാണെന്നും ഓണ്‍ലൈന്‍ പഠനവും മറ്റ് സൗകര്യങ്ങളും മുടങ്ങുംവിധം സര്‍ക്കാരിന്റെ പുതിയ ഉത്തരവ് കുട്ടികളെ വലയ്ക്കുന്നതാണെന്നും കെ.സി.ബി.സി.

കുട്ടികള്‍ അനാഥ മന്ദിരങ്ങളിലേക്കു തിരിച്ചുവരണമെങ്കില്‍ അതാതു ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ (സിഡബ്ല്യുസി) വീണ്ടും അപേക്ഷിക്കണമെന്നാണു നിര്‍ദേശം. സിഡബ്ല്യുസി ഹോം സ്റ്റഡി നടത്തി സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് (SIR) അനാഥാലയം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സിഡബ്ല്യുസിക്ക് കൈമാറണം. ഈ റിപ്പോര്‍ട്ട് പഠിച്ചശേഷമേ അനാഥാലയങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്നതാണ് സാമൂഹിക നീതി വകുപ്പു പുറത്തിറക്കിയ ഉത്തരവ്.

കോവിഡ് കാലമായതിനാല്‍ പൊതുഗതാഗതം ഇപ്പോഴും സാധ്യമാകാത്ത, പലയിടങ്ങളും റെഡ് സോണിലായിരിക്കുന്ന ഉള്‍ഗ്രാമങ്ങളിലും വിദൂര സ്ഥലങ്ങളിലുമുള്ള കുട്ടികള്‍ക്കോ അവരുടെ അജ്ഞരും നിര്‍ധനരുമായ മാതാപിതാക്കള്‍ക്കോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അപേക്ഷ നല്‍കാന്‍ പോകാനോ നടപടികള്‍ക്കു പിന്നാലെ നടക്കാനോ കഴിയുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ആരംഭിച്ചിട്ടുപോലും പങ്കെടുക്കാനാവാത്ത സ്ഥാപനങ്ങളില്‍ നിന്നും ഇപ്പോള്‍ വീട്ടിലുള്ള കുട്ടികള്‍ ധാരാളമാണ്.

മാതാപിതാക്കള്‍ ഉള്ള കുട്ടികളെ അനാഥാലയത്തില്‍ പ്രവേശിപ്പിക്കരുതെന്ന ചട്ടവും കുട്ടികള്‍ക്കു തിരിച്ചടിയാണ്. ലഹരിക്കടിമകളായ മാതാപിതാക്കളുടെയും ജീവിക്കാനുള്ള മാര്‍ഗമില്ലാത്ത, കുടുംബ കലഹങ്ങളിലും സാമൂഹിക സുരക്ഷയില്ലാതെയും വിവാഹബന്ധം വേര്‍പെട്ടും ഒക്കെ ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികളാണ് പ്രധാനമായും അനാഥാലയങ്ങളിലുള്ളത് .

സംസ്ഥാനത്ത് അനാഥാലയങ്ങളിലുള്ള 20,000 കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പുതിയ ചട്ടങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നു കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെസിബിസി) ജസ്റ്റിസ്, പീസ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org