വിഷചികിത്സ: ഗവേഷണനേട്ടത്തിലേക്ക് എല്‍.എഫ്. ആശുപത്രി

അങ്കമാലി: പാമ്പുകടിയേറ്റു വന്നാലുടന്‍ വിഷമുള്ള പാമ്പാണോ കടിച്ചതെന്ന് പരിശോധിക്കാനുള്ള എലൈസാകിറ്റ് വികസിപ്പിക്കാനുള്ള ഗവേഷണം ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെയും തിരുവനന്തപുരം ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജിയിലെ 'ഇന്ദ്രീയം' സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെയും സംയുക്താഭിമുഖ്യത്തില്‍ പുരോഗമിച്ചുവരുന്നതായി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അറിയിച്ചു. എന്നാല്‍ ഇതിനിടെ വേനല്‍മഴ ആരംഭിച്ചതോടെ പാമ്പു കടിയേറ്റ് വരുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ വിഷ ചികിത്സ വിഭാഗത്തില്‍ പാമ്പുകടിയേറ്റ് വന്നത് 65 ലധി കം പേരാണെന്ന് ഡയറക്ടര്‍ പറഞ്ഞു. ഇതില്‍ പത്തോളം പേരെ വിഷചികിത്സാതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

1979 മുതല്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് വിഷചികിത്സയില്‍ ഗവേഷണം നടത്തി വരുന്നു. പിറ്റ്യുട്ടറി ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ പാമ്പിന്‍ വിഷം കാരണമാകുമെന്ന് ആദ്യം കണ്ടുപിടിച്ചതും ഹമ്പ് നോസ്ഡ് പിറ്റ് വൈപ്പര്‍ അഥവാ ചുരുട്ട എന്ന പാമ്പിന് വിഷമുണ്ടെന്നും ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയതും ഇവിടത്തെ ആശുപത്രിയിലെ ഗവേഷണത്തിലാണ്.

കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ അര ലക്ഷത്തോളം പേര്‍ക്ക് ഇവിടെ വിഷ ചികിത്സ നല്‍കിയിട്ടുണ്ട്. 25 വര്‍ഷമായി വിഷചികിത്സയ്ക്കായി തീവ്രപരിചരണ വിഭാഗം പ്രവര്‍ത്തിക്കുന്നു. അണലി കടിച്ചാല്‍ ഉണ്ടാകുന്ന മാരക രോഗാവസ്ഥയായ കാപ്പിലറി ലീക്ക് സിന്‍ഡ്രോം ലോകത്തില്‍ ആദ്യം കണ്ടെത്തിയതും ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലാണ്. ഇത് സംബന്ധിച്ച പ്രബന്ധം ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റി ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്‍റ് ഹൈജിന്‍ വി ഭാഗത്തിന് സമര്‍പ്പിച്ചതും ഇവിടത്തെ വിഷചികിത്സാകേന്ദ്രമാണ്.

പാമ്പു കടിയേറ്റാല്‍ അടിയന്തിര ചികിത്സ നല്‍കാനുള്ള ലോകോത്തര സംവിധാനങ്ങള്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ വിഷചികിത്സാ തീവ്രപരിചരണ വിഭാഗത്തില്‍ 24 മണിക്കൂറും ലഭ്യമാണെന്ന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അറിയിച്ചു. എമര്‍ജന്‍സി വിഭാഗത്തിലേയ്ക്കു വിളിക്കേണ്ട നമ്പര്‍: 9061623000.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org