ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ആംഗ്ലിക്കന്‍ സഭാതലവനായ കാന്‍റര്‍ബറി ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെബ്ലിയും റോമിലെ ആംഗ്ലിക്കന്‍ സഭാ പ്രതിനിധിയായ ആര്‍ച്ചുബിഷപ് ബെര്‍ണാഡ് റ്റാഹോടുരിയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇരു സഭാനേതാക്കളും അവരുടെ ഭാര്യമാരും മാര്‍പാപ്പയുടെ താമസസ്ഥലത്ത് അദ്ദേഹവുമൊത്തു ഭക്ഷണം കഴിക്കുകയും ചെയ്തു. അര്‍ത്ഥപൂര്‍ണവും സന്തോഷഭരിതവും പൊട്ടിച്ചിരികള്‍ നിറഞ്ഞതുമായിരുന്നു തങ്ങളുടെ കൂടിക്കാഴ്ചയെന്നു ആംഗ്ലിക്കന്‍ സഭാതലവന്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

1966-ല്‍ അന്നത്തെ ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മൈക്കിള്‍ റാംസീയ്ക്ക് പോള്‍ ആറാമന്‍ മാര്‍പാപ്പ സമ്മാനിച്ച ശ്ലൈഹികമോതിരമണിഞ്ഞുകൊണ്ടാണ് വത്തിക്കാനിലേയ്ക്കു താന്‍ വരാറുള്ളതെന്ന് ആര്‍ച്ചുബിഷപ് വെബ്ലി വെളിപ്പെടുത്തി. 1966-നു ശേഷം ഇരുസഭകളും തമ്മിലുള്ള ഐക്യത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ഇരുസഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംഭാഷണം വലിയ പുരോഗതി നേടിയിട്ടുണ്ട്. പ്രവര്‍ത്തനം, പ്രാര്‍ത്ഥന തുടങ്ങിയ രംഗങ്ങളിലുള്ള ഐക്യമാകട്ടെ ദൈവശാസ്ത്രരംഗത്തേക്കാള്‍ ബഹുദൂരം മുന്നേറിയിട്ടുണ്ട്. വി.കുര്‍ബാനയിലുള്ള അനൈക്യം തുടരുന്നു. ഇതു വേദനാജനകമാണ്. ഐക്യത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യാനുള്ള ആരോഗ്യകരമായ ഒരു വേദനയായാണ് ഇതിനെ കാണുന്നത് – ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ വിശദീകരിച്ചു. സംഘര്‍ഷബാധിതമായ ദക്ഷിണ സുഡാനിലേയ്ക്ക് മാര്‍പാപ്പയും കാന്‍റര്‍ബറി ആര്‍ച്ചുബിഷപും സംയുക്ത സന്ദര്‍ശനം നടത്താനുള്ള സാദ്ധ്യതയും ചര്‍ച്ചാവിഷയമായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org