ആംഗ്ലിക്കന്‍ സമൂഹത്തില്‍ നിന്നു മാര്‍പാപ്പയ്ക്കു സ്നേഹസമ്മാനങ്ങള്‍

റോമില്‍ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ആംഗ്ലിക്കന്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇടവക സമൂഹം മൂന്നു സമ്മാനങ്ങള്‍ നല്‍കി. ദരിദ്രര്‍ക്കുള്ള ആഹാരം, മനുഷ്യക്കടത്തിനിരകളായ ആഫ്രിക്കക്കാര്‍ക്കുള്ള ബൈബിളുകള്‍, നോമ്പുകാല കേക്ക് എന്നിവയായിരുന്നു അവ. നോമ്പുകാലത്തെ നാലാം ഞായറാഴ്ച ആംഗ്ലിക്കന്‍ സഭ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നതാണ് നോമ്പു കേക്ക്. മധുരമുപയോഗിച്ചുണ്ടാക്കുന്ന 11 ഉണ്ടകള്‍ കൊണ്ട് കേക്ക് അലങ്കരിച്ചിരിക്കും. യൂദാസ് ഒഴികെയുള്ള 11 അപ്പസ്തോലന്മാരുടെ പ്രതീകമാണത്.
ആംഗ്ലിക്കന്‍ പള്ളി റോമില്‍ സ്ഥാപിക്കപ്പെട്ടതിന്‍റെ 200-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചാണ് മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയത്. ഇതിന്‍റെ ഓര്‍മ്മയ്ക്കായി 200 ബൈബിളുകളാണ് മാര്‍പാപ്പയ്ക്കു നല്‍കിയത്. ഇതില്‍ 50 എണ്ണം പശ്ചിമാഫ്രിക്കയില്‍ ലൈംഗികതൊഴിലാളികള്‍ക്കിടയില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീകള്‍ വഴി ആ സ്ത്രീകള്‍ക്കു വിതരണം ചെയ്യും. ഈ ആംഗ്ലിക്കന്‍ ഇടവകയിലെ കുടുംബങ്ങള്‍ പാചകം ചെയ്ത ആഹാരവസ്തുക്കള്‍ റോമില്‍ പാവങ്ങള്‍ക്കു വിതരണം ചെയ്യുന്നതിനാണു മാര്‍പാപ്പയെ ഏല്‍പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org