ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കു മുമ്പില്‍ മാര്‍പാപ്പ കണ്ണീരണിഞ്ഞു

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കു മുമ്പില്‍ മാര്‍പാപ്പ കണ്ണീരണിഞ്ഞു

റുമേനിയയില്‍ നിന്നുള്ള ഒരു സംഘം യുവജനങ്ങള്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ സ്വകാര്യസന്ദര്‍ശനം മാര്‍പാപ്പയുടെ ആര്‍ദ്രമായ ഇടപെടല്‍ കൊണ്ടു സംഘത്തിനു ഹൃദയ സ്പര്‍ശിയായി. സംവാദവേളയില്‍ സംഘാംഗങ്ങള്‍ ഉയര്‍ത്തിയ പല ചോദ്യങ്ങള്‍ക്കും മാര്‍പാപ്പയ്ക്ക് ഉത്തരമില്ലായിരുന്നു. കുഞ്ഞായിരിക്കെ അമ്മ തന്നെ ഉപേക്ഷിച്ചതെന്തുകൊണ്ടെന്നായിരുന്നു അനാഥനായി വളര്‍ത്തപ്പെട്ട ഒരു യുവാവിന്‍റെ ചോദ്യം. ആ ചോദ്യം തന്നെ കരയിപ്പിക്കുന്നുവെന്നായിരുന്നു മാര്‍പാപ്പയുടെ മറുപടി. അമ്മയെ കുറ്റപ്പെടുത്താന്‍ തനിക്കാവില്ലെന്നും ദാരിദ്ര്യത്തെയും അനീതിയെയും ആണു നാം കുറ്റപ്പെടുത്തേണ്ടതെന്നും പാപ്പ പറഞ്ഞു.

ചില മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചിലര്‍ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന് ചിലര്‍ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തരായിരിക്കില്ലെന്നു പാപ്പ ഉത്തരം നല്‍കി. കരിങ്കല്ലു വന്നു വീഴുന്ന കാര്‍ഡ്ബോര്‍ഡ് പെട്ടികളെ പോലെയാണു ചിലര്‍. ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ പെട്ടെന്നു തകര്‍ന്നു പോകും – മാര്‍പാപ്പ പറഞ്ഞു.

കുഞ്ഞുങ്ങള്‍ വേദന സഹിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന്, ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്നു മാര്‍പാപ്പ പറഞ്ഞു. ദൈവത്തില്‍ നിന്നു മാത്രമേ ഇതിനുത്തരം ലഭിക്കുകയുള്ളൂ. അവിടുന്നു നമ്മുടെ വേദന സൗഖ്യമാക്കുന്നവനാണ്. അന്ധനായ മനുഷ്യനോ അയാളുടെ മാതാപിതാക്കളോ അല്ല അയാളുടെ അന്ധതയുടെ ഉത്തരവാദികളെന്നു യേശു വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ രോഗത്തിലും സഹനത്തിലും നമ്മെ ആശ്ലേഷിച്ച് സൗഖ്യം പകര്‍ന്നുകൊണ്ട് നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണു ദൈവം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org