പാപത്തോടുള്ള ബന്ധം ആന്തരീക അടിമത്തമാണ് -ഫ്രാന്‍സിസ് മാര്‍പാപ്പ

പാപത്തോടുള്ള ബന്ധം ആന്തരീക അടിമത്തമാണ് -ഫ്രാന്‍സിസ് മാര്‍പാപ്പ

പാപത്തോടുള്ള ബന്ധം നമ്മിലെ ആന്തരീക അടിമത്തത്തിന്‍റെ ഒരു രൂപമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. എല്ലാത്തരം പാപങ്ങളും സ്വാര്‍ത്ഥതയും നമ്മെ സ്നേഹത്തില്‍ നിന്ന് അകറ്റുകയും നമ്മെ സ്നേഹിക്കാന്‍ കഴിവില്ലാത്തവരാക്കുകയും ചെയ്യും. ശരിയായ സ്വാതന്ത്ര്യം ദൈവത്തിന്‍റെ കരുണയിലാണു നമുക്കു കാണാന്‍ കഴിയുക. -മാര്‍പാപ്പ പറഞ്ഞു. സെ. പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ തീര്‍ത്ഥാടകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ദൈവിക കാരുണ്യത്തെ കണ്ടെത്തുമ്പോള്‍ അതു നമ്മെ ആന്തരീകമായി സ്വതന്ത്രരാക്കുമെന്നു മാര്‍പാപ്പ പറഞ്ഞു. ഈ ആന്തരീകസ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കു നല്‍കാനും നമുക്കു സാധിക്കും. അതുകൊണ്ടാണു നാം നമുക്കു തന്നെ അടിമകളായിരിക്കാതെ ദൈവകാരുണ്യത്തോടു തുറവിയുള്ളവരായിരിക്കുക എന്നതു സുപ്രധാനമാകുന്നത്. ആന്തരീകവും ബാഹ്യവുമായ അടിമത്തങ്ങളുണ്ട്. അക്രമവും അനീതിയും ബാഹ്യമായ അടിമത്തങ്ങളാണ്. വി. മാക്സിമില്യന്‍ കോള്‍ബെയും കാര്‍ഡിനല്‍ വാന്‍ തുവാനും ബാഹ്യമായ അടിമത്തമനുഭവിച്ചവര്‍ക്ക് രണ്ടുദാഹരണങ്ങളാണ്. ശാരീരികമായി തടവിലിടപ്പെട്ടുവെങ്കിലും അവര്‍ ആത്മാവില്‍ വലിയ സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. അടിച്ചമര്‍ത്തലിന്‍റെ അന്ധകാരത്തെ പ്രകാശകേന്ദ്രങ്ങളായി പരിവര്‍ത്തിപ്പിച്ചവരാണ്. മറുവശത്ത് സ്വന്തം അഹംബോധത്തിന്‍റെ അടിമകളായിരിക്കുന്നവരും ഉണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

യഥാര്‍ത്ഥ സ്നേഹമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നു മാര്‍പാപ്പ പറഞ്ഞു. അത് കൈവശബോധത്തില്‍നിന്നു നമ്മെ വേര്‍പെടുത്തുന്നു. ബന്ധങ്ങളെ പുനഃസൃഷ്ടിക്കുന്നു. മറ്റുള്ളവരെ സ്വീകരിക്കുന്നതും വിലമതിക്കുന്നതും എങ്ങനെയെന്നു മനസ്സിലാക്കുന്നു. എല്ലാ പരിശ്രമങ്ങളേയും ഓരോ സന്തുഷ്ട സമ്മാനങ്ങളാക്കി മാറ്റുന്നു. നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവില്‍നിന്നു നാം സ്വീകരിക്കുന്ന സ്വാതന്ത്ര്യമാണിത് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org