Latest News
|^| Home -> International -> അന്തസ്സാര്‍ന്ന ജീവിതം ഓരോ വ്യക്തിക്കും ഉറപ്പു വരുത്തണം – ലോകനേതാക്കളോടു മാര്‍പാപ്പ

അന്തസ്സാര്‍ന്ന ജീവിതം ഓരോ വ്യക്തിക്കും ഉറപ്പു വരുത്തണം – ലോകനേതാക്കളോടു മാര്‍പാപ്പ

Sathyadeepam

അന്തസ്സുള്ള രീതിയില്‍ ജീവിക്കാന്‍ ഓരോ വ്യക്തിക്കും കഴിയുന്ന വിധത്തിലുള്ള നയങ്ങള്‍ സ്വീകരിക്കാന്‍ ലോകനേതാക്കളോടു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ലോക സാമ്പത്തിക ഫോറത്തിന്‍റെ ചെയര്‍മാനയച്ച കത്തിലാണ് മാര്‍പാപ്പയുടെ ഈ നിര്‍ദേശം. ജനുവരി അവസാനം സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറം ചേരുന്നതിനു മുന്നോടിയായിട്ടാണ് മാര്‍പാപ്പയുടെ കത്ത്.

സമഗ്രമനുഷ്യവികസനത്തിനുള്ള യഥാര്‍ത്ഥമായ അവസരങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും നല്‍കണമെന്നും കുടുംബത്തെ പിന്തുണയ്ക്കുന്ന സാമ്പത്തിക നയങ്ങള്‍ നടപ്പാക്കണമെന്നും കത്തില്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. സുസ്ഥിരവും സമഗ്രവുമായ വികസനത്തിന്‍റെ ധാര്‍മ്മികത പാലിക്കുന്നതാകണം സാമ്പത്തിക മാതൃകകള്‍. മനുഷ്യവ്യക്തികളേയും അവരുടെ അവകാശങ്ങളേയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം ഇത്. സാമ്പത്തിക മത്സരങ്ങളും മേഖലാടിസ്ഥാനത്തിലുള്ള വ്യാപാര കരാറുകളും ലോകത്തെ കൂടുതല്‍ വിഭജിതമാക്കിക്കൊണ്ടിരിക്കുന്നു. എന്തു വില കൊടുത്തും ലാഭം നേടുക എന്ന മോഹത്തിലേയ്ക്ക് പുതിയ സാങ്കേതികവിദ്യകള്‍ മനുഷ്യരെ എത്തിക്കുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

ലോകമെങ്ങുമുള്ള ജനലക്ഷങ്ങളുടെ സഹനത്തെക്കുറിച്ച് മാര്‍പാപ്പ ലോകനേതാക്കളെ ഓര്‍മ്മിപ്പിച്ചു. ഈ സഹനത്തെക്കുറിച്ചു നമുക്കു നിശബ്ദത പാലിക്കാനാവില്ല. ദാരിദ്ര്യവും അനീതിയും പടരുന്നത് പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെയാണ് എന്നു സങ്കല്‍പിച്ചു മുന്നോട്ടു പോകാനും നമുക്കു സാധിക്കില്ല. ഓരോ വ്യക്തിക്കും അന്തസ്സുള്ള ജീവിതസാഹചര്യമൊരുക്കുക എന്നത് എല്ലാവരേയും ബാധിക്കുന്ന ഒരു ധാര്‍മ്മിക ഉത്തരവാദിത്വമാണ് ഉത്പാദനക്ഷമതയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിച്ചുകൊണ്ട് വലിയ മാറ്റം ലോകത്തുണ്ടാക്കുന്നതിനുള്ള സാദ്ധ്യത സംരംഭകസമൂഹത്തിനുണ്ടെന്നത് പ്രത്യാശയുള്ള കാര്യമാണ് – മാര്‍പാപ്പ വിശദീകരിച്ചു.

Leave a Comment

*
*