മാര്‍പാപ്പയുടെ സമീപനം ഹൃദയസ്പര്‍ശിയായെന്നു മുസ്ലീം അഭയാര്‍ത്ഥി വനിത

മാര്‍പാപ്പയുടെ സമീപനം ഹൃദയസ്പര്‍ശിയായെന്നു മുസ്ലീം അഭയാര്‍ത്ഥി വനിത

അന്യമതസ്ഥരായ തങ്ങളോടു ഫ്രാന്‍സിസ് മാര്‍പാപ്പ പുലര്‍ത്തിയ സമീപനം ഹൃദയസ്പര്‍ശിയായെന്നു സിറിയയില്‍ നിന്നുള്ള മുസ്ലീം വനിതയായ നൂര്‍ എസ്സ. ഗ്രീസ് സന്ദര്‍ശിച്ചു റോമിലേയ്ക്കു മടങ്ങുമ്പോള്‍ മാര്‍പാപ്പ തന്‍റെ കൂടെ കൂട്ടിയ സിറിയന്‍ മുസ്ലീം അഭയാര്‍ത്ഥികുടുംബത്തിലെ അംഗമാണ് എസ്സ. എല്ലാ മതങ്ങളോടും തുറന്ന മനസ്സോടെ ഇടപെടുന്ന മാര്‍പാപ്പ എനിക്കു വലിയ അത്ഭുതമായിരുന്നു. മതം മനുഷ്യരെ സേവിക്കാനുള്ളതാണെന്നു കരുതുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ മതങ്ങളിലെയും വിശ്വാസികള്‍ക്കു മാതൃകയാണ്-എസ്സ പറഞ്ഞു. റോമട്രെ യൂണിവേഴ്സിറ്റി സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പയെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു എസ്സ. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മാര്‍പാപ്പയുടെ വിമാനത്തില്‍ റോമിലെത്തിയ ശേഷം ഈ കുടുംബം ഇതിനകം പലവട്ടം മാര്‍പാപ്പയെ കണ്ടിട്ടുണ്ട്.
സിറിയയിലെ ദമാസ്കസ് സ്വദേശികളാണ് എസ്സയുടെ കുടുംബം. ഭീകരാക്രമണങ്ങളെ തുടര്‍ന്നു അവര്‍ തുര്‍ക്കിയിലേയ്ക്കും തുടര്‍ന്നു ഗ്രീസിലേയ്ക്കും പലായനം ചെയ്യുകയായിരുന്നു. ഗ്രീസിന്‍റെ ഭാഗമായ ലെസ്ബോസ് ദ്വീപില്‍ അഭയാര്‍ത്ഥികളായി കഴിയുമ്പോഴാണ് മാര്‍പാപ്പ അവിടെ സന്ദര്‍ശനം നടത്തുകയും ഏതാനും കുടുംബങ്ങളെ തന്നോടൊപ്പം റോമിലേയ്ക്കു കൊണ്ടു വരികയും ചെയ്തത്. റോമിലെത്തിയ ശേഷം മാര്‍പാപ്പയുടെ അതിഥികളായി ഇവരെ വത്തിക്കാനില്‍ സ്വീകരിക്കുകയും മാര്‍പാപ്പയോടൊപ്പം വിരുന്നു നല്‍കുകയും ചെയ്തു. അന്നത്തെ മാര്‍പാപ്പയുടെ പെരുമാറ്റത്തെ കുറിച്ചും വികാരഭരിതമായ ഓര്‍മ്മകളാണ് എസ്സ പങ്കുവയ്ക്കുന്നത്. ഇത്രയും വിനയവും ലാളിത്യവുമുള്ള ഒരു യഥാര്‍ത്ഥ മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നു എസ്സ പറയുന്നു. 31 കാരിയായ എസ്സയ്ക്ക് റോമട്രെ യൂണിവേഴ്സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസം തുടരുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org