ക്രൈസ്തവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്ത ബിജെപി നേതാവ് മാപ്പു പറയണം – ആര്‍ച്ചുബിഷപ് മച്ചാഡോ

ക്രൈസ്തവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്ത ബിജെപി നേതാവ് മാപ്പു പറയണം – ആര്‍ച്ചുബിഷപ് മച്ചാഡോ
Published on

ക്രിസ്ത്യനികള്‍ക്ക് രാജ്യത്തോടു വിശ്വസ്തതയില്ലന്ന ബിജെപി നേതാവിന്‍റെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് കര്‍ണാടക റീജിയന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്‍റും ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ്പുമായ ഡോ. പീറ്റര്‍ മച്ചാഡോ ആവശ്യപ്പെട്ടു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും ബിജെപി ടിക്കറ്റുകള്‍ നല്‍കില്ലെന്നും അവര്‍ക്ക് രാജ്യത്തോട് സ്നേഹവും വിശ്വസ്തതയും ഇല്ലാത്തതുകൊണ്ടാണ് ബോധപൂര്‍വം സീറ്റുകള്‍ നല്‍കാത്തതെന്നുമാണ് കര്‍ണാടക മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ പറഞ്ഞത്.

ബിജെപി നേതാവിന്‍റെ പ്രസ്താവന വലിയ ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് ആര്‍ച്ചുബിഷപ് മച്ചാഡോ പറഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന്‍റെ ഘട്ടത്തില്‍ ഇതിനോടു പ്രതികരിക്കാതിരുന്നതാണ്. പൊതുസമൂഹം ഈ പ്രസ്താവനയ്ക്ക് പലവിധ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതും രാഷ്ട്രീയ നിറം നല്‍കുന്നതും ഒഴിവാക്കാനാണ് ആദ്യം പ്രതികരിക്കാതിരുന്നതെന്ന് ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

ഈശ്വരപ്പയുടെ പ്രസ്താവന കര്‍ണാടകയിലെ ക്രൈസ്തവരെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ക്രിസ്ത്യാനികളെയും വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നു. വ്യത്യസ്ത തലങ്ങളില്‍ രാജ്യത്തിനുവേണ്ടി നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്നവരാണ് ക്രൈസ്തവര്‍. യാതൊരു വിവേചനയുമില്ലാതെ എല്ലാവര്‍ക്കും വേണ്ടിയുള്ള ശുശ്രൂഷകളാണ് സഭ നിര്‍വഹിക്കുന്നത്. ദൈവത്തിന്‍റെ സ്നേഹം, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പതിതര്‍ക്കും അനിവാര്യമായവര്‍ക്കും പകര്‍ന്നു നല്‍കി അവരെ അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തമാക്കുകയാണ് സഭ – ആര്‍ച്ച് ബിഷപ് വിശദീകരിച്ചു. രാജ്യത്തെ ക്രൈസ്തവര്‍ അഭിമാനബോധമുള്ള പൗരന്മാരും ദേശസ്നേഹികളുമാണ്. ദേശസ്നേഹം എല്ലാ രംഗത്തും പരത്താനും പ്രഘോഷിക്കാനും അവര്‍ ഉത്സുകരാണെന്നും ആര്‍ച്ച് ബിഷപ് മച്ചാഡോ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org