Latest News
|^| Home -> International -> ലൈംഗികാപവാദപ്രതിസന്ധി സഭയുടെ 9/11 ആണെന്ന് ആര്‍ച്ചുബിഷപ് ഗാന്‍സ്വീന്‍

ലൈംഗികാപവാദപ്രതിസന്ധി സഭയുടെ 9/11 ആണെന്ന് ആര്‍ച്ചുബിഷപ് ഗാന്‍സ്വീന്‍

Sathyadeepam

സഭയില്‍ ഇന്നുണ്ടായിരിക്കുന്ന ലൈംഗികാപവാദ പ്രതിസന്ധി സഭയുടേതായ “സെപ്തംബര്‍ 11” ആണെന്നും മറ്റെല്ലാത്തിനുമുപരിയായി ദൈവാന്വേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ കത്തോലിക്കര്‍ക്കു പ്രത്യാശ നിലനിറുത്താന്‍ കഴിയുമെന്നും ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍ സ്വീന്‍ പ്രസ്താവിച്ചു. വിരമിച്ച പാപ്പ ബെനഡിക്ട് പതിനാറാമന്‍റെ പേഴ്സണല്‍ സെക്രട്ടറിയാണ് ആര്‍ച്ചുബിഷപ് ഗാന്‍ സ്വീന്‍. ഇന്ന് ആരില്‍നിന്നും മറച്ചു വയ്ക്കാനാകാത്ത നിലയിലുള്ള ഈ വലിയ പ്രതിസന്ധിയുടെ ഘട്ടത്തെ കൃപയുടെ ഒരു സമയമായാണ് ഞാന്‍ കാണുന്നത്. കാരണം ഇതില്‍ നിന്നു നമ്മെ സ്വതന്ത്രരാക്കാന്‍ പ്രത്യേകമായ എന്തെങ്കിലും പരിശ്രമങ്ങള്‍ കൊണ്ടു സാധിക്കില്ല. കര്‍ത്താവ് ഉറപ്പു നല്‍കിയതു പോലെ സത്യത്തിനു മാത്രമേ അതു സാധിക്കൂ. -ആര്‍ച്ചുബിഷപ് ഗാന്‍സ്വീന്‍ വിശദീകരിച്ചു. സെപ്തംബര്‍ 11 ഭീകരാക്രമണത്തെക്കുറിച്ചുള്ള ഒരു പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പേപ്പല്‍ വസതിയിലെ പ്രീഫെക്ട് കൂടിയായ ആര്‍ച്ചുബിഷപ് ഗാന്‍സ്വീന്‍. അമേരിക്കയിലെ 9/11 ഒരു ദിവസം സംഭവിച്ചതാണെങ്കില്‍ സഭയിലേത് നിരവധി ദിവസങ്ങളിലൂടെയും വര്‍ഷങ്ങളിലൂടെയും സംഭവിച്ചതും അനേകരെ ബാധിച്ചതുമാണെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.

സഭയ്ക്കുള്ളിലെ അപഭ്രംശങ്ങളും കുറ്റകൃത്യങ്ങളും ദൈവത്തിന്‍റെ ഉജ്ജ്വല സാന്നിദ്ധ്യത്തിനുമേല്‍ നിഴല്‍ പരത്തുകയാണെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. കത്തോലിക്കാസഭയിലെ ചൂഷണക്കേസുകളിലെ ഇരകളെയോ എണ്ണത്തെയോ സെപ്തംബര്‍ 11 ദുരന്തത്തിന്‍റെ ഇരകളുമായോ എണ്ണവുമായോ താരതമ്യപ്പെടുത്തുന്നില്ല. എന്നാല്‍ വൈദികരുടെ ലൈംഗികചൂഷണവിവാദങ്ങളില്‍ മുറിവേറ്റ ആത്മാക്കളുടെ സ്ഥിതി ദുരന്തം പോലെ ഗുരുതരമാണ്. 2010-ല്‍ ഫാത്തിമാ സന്ദര്‍ശനവേളയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ സ്മരണീയമാണ്: “ലോകാവസാനം വരെ സഭ നിരന്തരമായി സഹനം നേരിട്ടുകൊണ്ടിരിക്കും എന്നു കര്‍ത്താവു പറഞ്ഞിട്ടുണ്ട്. പാപ്പായ്ക്കും സഭയ്ക്കും നേരെയുള്ള ആക്രമണം പുറമെ നിന്നു മാത്രമല്ല ഉണ്ടാകുക. സഭയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന പാപങ്ങളില്‍ നിന്നുള്ള സഹനവും സഭ അനുഭവിക്കും.”

വിവാദങ്ങളുടെ പേരില്‍ സഭ വിട്ടു പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതുകൂടാതെ സഭയിലുള്ളവരില്‍ തന്നെ പള്ളിയില്‍ വരുന്നവരുടെ എണ്ണം കുറഞ്ഞു വരികയും ചെയ്യുന്നുണ്ടെന്ന് ജര്‍മ്മന്‍ സഭയില്‍ നിന്നുള്ള ചില കണക്കുകളുദ്ധരിച്ച് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. ഈ സമയത്ത് ദൈവസഹായത്തോടെ സ്വയം നവീകരിക്കാന്‍ സഭയ്ക്കു കഴിയുന്നില്ലെങ്കില്‍ നമ്മുടെ സംസ്കാരം അപകടത്തിലാകും. പാപത്തിന്‍റെ ദുരന്തത്തെ സഭ മറികടന്നു പോരികയില്ലെന്നു നിരാശപ്പെടുന്ന ചിലരുണ്ട്. എന്നാല്‍ ആത്യന്തികമായി ക്രിസ്തുവിന്‍റെ വാഗ്ദാനത്തില്‍ പ്രത്യാശയുള്ളവരാണു കത്തോലിക്കര്‍. പാപം സഭയ്ക്കുമേല്‍ വിജയം നേടുകയില്ല – ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

Leave a Comment

*
*