ഞായറാഴ്ച കുര്‍ബാന കത്തോലിക്കര്‍ക്ക് ഒഴിവാക്കാനാകാത്ത കടമ -ബ്രിട്ടീഷ് ആര്‍ച്ചുബിഷപ്

ഞായറാഴ്ച കുര്‍ബാന കത്തോലിക്കര്‍ക്ക് ഒഴിവാക്കാനാകാത്ത കടമ -ബ്രിട്ടീഷ് ആര്‍ച്ചുബിഷപ്

ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിക്കുകയെന്നത് ഐച്ഛികമല്ലെന്നും കത്തോലിക്കരെ സംബന്ധിച്ച് അത് ഒഴിവാക്കാനാകാത്ത കടമയാണെന്നും ഇംഗ്ലണ്ടിലെ എഡിന്‍ബറോ ആര്‍ച്ചുബിഷപ് ലിയോ കഷ്ലി പ്രസ്താവിച്ചു. ഞായറാഴ്ചയെന്നാല്‍ വെറുമൊരു വാരാന്ത്യമെന്നും കായികവിനോദങ്ങള്‍ക്കുള്ള ദിവസമെന്നും കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള ദിവസമെന്നും അനേകര്‍ കരുതുന്നുണ്ട്. ഈ കാര്യങ്ങള്‍ക്കൊക്കെ സമയം കണ്ടെത്തുന്നതു നല്ലതു തന്നെ. എന്നാല്‍, ക്രൈസ്തവരുടെ വിശുദ്ധദിനം എന്ന നിലയിലാണ് ഞായറാഴ്ച ഒരു അവധിദിനമായി മാറിയതെന്ന വസ്തുത നമ്മുടെ സംസ്കാരത്തില്‍ വിസ്മരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അത് ആശാസ്യമല്ല – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

രോഗം പോലെ അസാധാരണമായ സാഹചര്യങ്ങളില്‍ ഞായറാഴ്ചകുര്‍ബാനയില്‍ സംബന്ധിക്കാതിരിക്കുന്നതു മനസ്സിലാക്കാമെങ്കിലും സാധാരണ സാഹചര്യങ്ങളില്‍ ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിക്കുന്നത് അനിവാര്യമായ കടമയാണെന്ന് ആര്‍ച്ചുബിഷപ് വ്യക്തമാക്കി. ബോധപൂര്‍വമാണ് നാം ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിക്കാതിരിക്കുന്നതെങ്കില്‍ അതു ഗൗരവമായ പാപമാണ്. ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനു മുമ്പ് കുമ്പസാരിക്കേണ്ടതുമാണ്. നമ്മുടെ പ്രതിവാര വിശ്രമദിനമായ ഞായറാഴ്ച ദൈവത്തിന്‍റെ നിത്യവിശ്രമത്തിന്‍റെ ഭൗമിക പ്രതിഫലനമാണ്. ഭൗതിക നിലനില്‍പിനേക്കാളും ധനസമ്പാദനത്തേക്കാളും ഉയര്‍ന്ന ഒരു ലക്ഷ്യം ജീവിതത്തിനുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന കാര്യമാണത് – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

എല്ലാ ഞായറാഴ്ചയും കുട്ടികളെ കുര്‍ബാനയ്ക്കു കൊണ്ടു വരിക വഴി, കത്തോലിക്കാ വിശ്വാസം ജീവിക്കുന്നതിന്‍റെ മാതൃക അവര്‍ക്കു പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ക്കു സാധിക്കണമെന്നും ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. ആഴ്ചയിലൊരിക്കലെങ്കിലും മക്കളെ വി. കുര്‍ബാനയില്‍ ജീവിക്കുന്ന യേശുവിനെ കാണാന്‍ കൊണ്ടുവരുന്നതിലുപരിയായ യാതൊരു നന്മയും അവര്‍ക്കായി ചെയ്തുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കില്ല. ഈ വിധത്തില്‍ ആദ്യം ദൈവരാജ്യമന്വേഷിക്കാന്‍ മക്കളെ നിങ്ങള്‍ പഠിപ്പിക്കുകയാണെങ്കില്‍ നിങ്ങള്‍ പ്രത്യാശിക്കുന്ന മറ്റെല്ലാ വിധത്തിലും ദൈവം അവരെ അനുഗ്രഹിക്കും – ആര്‍ച്ചുബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org