ആര്‍ച്ചുബിഷപ് ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക്

ആര്‍ച്ചുബിഷപ് ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക്

സുപ്രസിദ്ധ സുവിശേഷപ്രസംഗകന്‍ ആര്‍ച്ചുബിഷപ് ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതിയായി. ഇദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ നടന്ന അത്ഭുതത്തിനു വത്തിക്കാന്‍ സ്ഥിരീകരണം നല്‍കി. വൈദ്യശാസ്ത്രജ്ഞരുടെ ഏഴംഗസംഘമാണ് രോഗശാന്തി വത്തിക്കാനു വേണ്ടി പരിശോധിച്ചത്.

1950 കളിലും 60 കളിലും അമേരിക്കയിലും പുറത്തും വന്‍ ജനപ്രീതിയാര്‍ജിച്ച ടെലിവിഷന്‍ പ്രഭാഷകനായിരുന്നു ആര്‍ച്ചുബിഷപ് ഷീന്‍. എമ്മി അവാര്‍ഡ് നേടിയ അദ്ദേഹത്തിന്‍റെ "ജീവിതം ജീവിതയോഗ്യം" എന്ന ടി വി പരിപാടിക്ക് ദശലക്ഷക്കണക്കിനു പ്രേക്ഷകരുണ്ടായിരുന്നു. 1956-ല്‍ അദ്ദേഹം ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായമെത്രാനായി. 1979-ല്‍ നിര്യാതനായി. 2002-ല്‍ നാമകരണനടപടികള്‍ക്കു തുടക്കം കുറിച്ചു. ന്യൂയോര്‍ക്ക് അതിരൂപതയില്‍ നിന്നു പിയോറിയ രൂപതയിലേയ്ക്ക് ആര്‍ച്ചുബിഷപ്പിന്‍റെ കബറിടം മാറ്റുന്നതു സംബന്ധിച്ച് കേസുകള്‍ നടന്നിരുന്നു. കോടതി വിധിയെ തുടര്‍ന്നാണ് ആര്‍ച്ചുബിഷപ്പിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ കബര്‍ തുറന്നു പിയോറിയയിലേയ്ക്കു കൊണ്ടു പോകാന്‍ ന്യൂയോര്‍ക്ക് അതിരൂപത സമ്മതിച്ചത്.

ആര്‍ച്ചുബിഷപ് ഫുള്‍ട്ടന്‍ ജെ ഷീനിനൊപ്പം ഏഴു പേരെ കൂടി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ലെബനോനിലെ അന്ത്യോഖാ മാരോണൈറ്റ് പാത്രിയര്‍ക്കീസ് ഏലിയ ഹോയെക് (1843-1931), ഇറ്റാലിയന്‍ ആര്‍ച്ചുബിഷപ് ജോവാന്നി വിറ്റോറിയോ ഫെറോ (1901-1992), സ്പെയിന്‍ സ്വദേശിയും ഒരു സന്യാസസഭാസ്ഥാപകനുമായ റീസ്കോ കാര്‍ബജോ (1902-1972), പോളണ്ടില്‍ നിന്നുള്ള രൂപതാവൈദികനായ ഫാ. ലാഡിസ്ലോ കൊര്‍ണിലോവിസ് (1884-1946), ഇറ്റാലിയന്‍ ഫ്രാന്‍സിസ്കന്‍ വൈദികന്‍ ഫാ. ആഞ്ജെലിക്കോ ലിപാനി (1842-1920), ഒരു സന്യാസസഭാസ്ഥാപികയായ ഫിലിപ്പീന്‍സുകാരിയായ ഫ്രാന്‍സിസ്ക സാന്‍റോ (1647-1711), ഒരു സന്യാസിനീസഭയുടെ സ്ഥാപകനായ ഫ്രഞ്ച് അല്മായന്‍ എറ്റിയെന്‍ പിയറി മോര്‍ലാന്‍ (17712-1862) എന്നിവരാണ് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയരുന്ന മറ്റുള്ളവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org