അരുണാചലില്‍ ഗ്രോട്ടോകള്‍ തകര്‍ത്ത നിലയില്‍

അരുണാചല്‍ പ്രദേശില്‍ രണ്ടിടങ്ങളിലായി പരി. കന്യാമറിയത്തിന്‍റെ ഗ്രോട്ടോകള്‍ തകര്‍ത്തു തിരുസ്വരൂപങ്ങള്‍ അപ്രത്യക്ഷമായ നിലയില്‍ കണ്ടത് ദുരൂഹതയുയര്‍ത്തുന്നു. ഇറ്റാ നഗറിലും മിയാവോയിലുമുള്ള ഗ്രോട്ടോകളാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. രണ്ടിടത്തും പരി. കന്യാമറിയത്തിന്‍റെ രൂപങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ട്.

മിയാവോ രൂപതയിലെ ടെസു ഇടവകയില്‍ ഗ്രോട്ടോ തകര്‍ത്ത നിലയില്‍ ആദ്യം കണ്ടത് വികാരി ഫാ. തോമസ് മാണിയാണ്. ഇറ്റാനഗറിലെ ദൊയ്മുഖ് ഇടവകയിലാണ് ഇതിനു സമാനമായ സംഭവം നടന്നത്. ഇറ്റാ നഗറില്‍ നിന്ന് 375 കി.മീറ്റര്‍ ദൂരമുണ്ട് ടെസുവിലേക്ക്. ഗ്രോട്ടോ തകര്‍ക്കപ്പെട്ട് മാതാവിന്‍റെ തിരുസ്വരൂപം കാണാതായ സംഭവം അവിശ്വസനീയവും ഞെട്ടിക്കുന്നതുമാണെന്ന് വടക്കു-കിഴക്കന്‍ ഭാരതത്തിലെ കത്തോലിക്കാ സഭാ വക്താവ് ഫാ. ഫെലിക്സ് ആന്‍റണി പറഞ്ഞു. ഈ രണ്ടു സംഭവങ്ങളും തമ്മില്‍ സാമ്യമുള്ളത് അത്ഭുതപ്പെടുത്തുന്നതായും മിയാവോ രൂപതാംഗമായ അദ്ദേഹം സൂചിപ്പിച്ചു.

രണ്ടു ഗ്രോട്ടോകളും തകര്‍ത്തിരിക്കുന്നത് പാതിരാത്രിക്കു ശേഷമാണ്. രണ്ടിടത്തും രൂപങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. അരുണാചലിലെ പ്രാധാന്യമേറിയ പ്രദേശങ്ങളാണ് ഈ രണ്ടു സ്ഥലങ്ങളും. ആക്രമിക്കപ്പെട്ടത് പള്ളിയോ ചാപ്പലോ അല്ല, ഗ്രോട്ടോകളാണെന്ന സവിശേഷതയുമുണ്ട് — ഫാ. ഫെലിക്സ് വിശദീകരിച്ചു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ തന്ത്രമാകാം ഇതിനു പിന്നിലുള്ളതെന്നും ജനങ്ങളുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും അനിവാര്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org