മക്കള്‍ രണ്ടില്‍ കൂടിയാല്‍ ആസാമില്‍ സര്‍ക്കാര്‍ ജോലിയില്ല!

ഏപ്രില്‍ 9-ന് ആസാമില്‍ അവതരിപ്പിച്ച ജനസംഖ്യാ നയത്തിന്‍റെ ഡ്രാഫ്റ്റില്‍ രണ്ടു മക്കളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന് വ്യക്തമാക്കുന്നു. അതേസമയം, പെണ്‍കുട്ടികള്‍ക്ക് യൂണിവേഴ്സിറ്റി തലം വരെ വിദ്യാഭ്യാസം സൗജന്യമാക്കുന്ന പദ്ധതിയും സര്‍ക്കാര്‍ ആവിഷ്കരിക്കുകയാണ്.
ജനസംഖ്യാ നയത്തിന്‍റെ കരടുരേഖയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ആസാം ആരോഗ്യമന്ത്രി ഹൈമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു. രണ്ടു മക്കളില്‍ കൂടുതലുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ അയോഗ്യരാക്കുന്ന നിയമമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്ന കാലമത്രയും ഈ നിബന്ധന ബാധകമാണ്.

തൊഴിലുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ക്കും ഈ നിയമം നോക്കും. ഭവനപദ്ധതിയടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനും രണ്ടു മക്കള്‍ എന്ന നിബന്ധന പാലിക്കേണ്ടിവരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതടക്കം സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍റെ കീഴില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും ഈ നിയമം ബാധകമാക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

എന്നാല്‍, ഈ നയത്തിന്‍റെ ഭാഗമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി വിദ്യാഭ്യാസമന്ത്രി കൂടിയായ ഹൈമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു. യൂണിവേഴ്സിറ്റി തലം വരെ പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം സൗജന്യമാക്കും. വിദ്യാഭ്യാസത്തിനു വേണ്ട ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, പുസ്തകങ്ങള്‍, യാത്രാ ബത്ത തുടങ്ങി എല്ലാ കാര്യങ്ങളും സൗജന്യമായി നല്‍കുന്ന പദ്ധതിയായിരിക്കും ഇതെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, രണ്ടു മക്കളില്‍ കൂടുതലുണ്ടെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുമെന്ന പുതിയ നയത്തിനെതിരെ ആസാമിലെ ക്രൈസ്തവ-മുസ്ലീം നേതാക്കള്‍ പ്രതിഷേധിച്ചു. ക്രൈസ്തവ-മുസ്ലീം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് ഈ നയമെന്ന് അവര്‍ ആരോപിച്ചു. പുതിയ നയത്തില്‍ തങ്ങള്‍ അസന്തുഷ്ടരാണെന്ന് ഗ്വാഹട്ടി ആര്‍ച്ച്ബിഷപ് ജോണ്‍ മൂലച്ചിറ പ്രതികരിച്ചു. ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ള കത്തോലിക്കര്‍ രണ്ടു മക്കളില്‍ കൂടുതലുള്ളവരാണ്. സര്‍ക്കാരിന്‍റെ ഈ നിയമം അവരെ പ്രതികൂലമായി ബാധിക്കും – ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. പുതിയ നയം നല്ല ഉദ്ദേശ്യത്തോടെയുള്ളതാണെന്നു കരുതുന്നില്ലെന്ന് ആസാമിലെ ബോംഗൈഗാവ് രൂപതയുടെ മെത്രാന്‍ ബിഷപ് തോമസ് പുള്ളോപ്പിള്ളില്‍ പറഞ്ഞു. ക്രൈസ്തവരെ മാത്രമല്ല, എല്ലാ സമുദായങ്ങളെയും ഇതു പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org