അഭയം നല്‍കണമെന്നു പാശ്ചാത്യരാജ്യങ്ങളോട് ആസ്യ ബിബിയുടെ കുടുംബം

അഭയം നല്‍കണമെന്നു പാശ്ചാത്യരാജ്യങ്ങളോട് ആസ്യ ബിബിയുടെ കുടുംബം

പാക്കിസ്ഥാനില്‍ ജീവാപായഭയത്തില്‍ കഴിയുന്ന തങ്ങള്‍ക്ക് അഭയം നല്‍കണമെന്ന് ആസ്യ ബിബിയുടെ കുടുംബം അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. മതദൂഷണക്കുറ്റം ആരോപിക്കപ്പെട്ടു വധശിക്ഷ വിധിക്കപ്പെട്ടു ജയിലില്‍ കഴിയുകയായിരുന്ന ആസ്യ ബിബിയെ പാക് സൂപ്രീം കോടതി വെറുതെ വിട്ടെങ്കിലും വിധി അംഗീകരിക്കാതെ മതമൗലികവാദികള്‍ പ്രക്ഷോഭങ്ങള്‍ അഴിച്ചു വിട്ട സാഹചര്യത്തിലാണ് ഭര്‍ത്താവ് ആഷിഖ് മസീഹ് അഭയാര്‍ത്ഥിയാകാന്‍ അഭ്യര്‍ത്ഥന നടത്തുന്നത്. മകള്‍ക്കൊപ്പം ഒരു വീഡിയോ സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന പുറത്തുവന്നത്. സുപ്രീം കോടതിവിധിക്കെതിരായ കലാപങ്ങള്‍ തങ്ങളുടെ കുടുംബത്തിന്‍റെയാകെ നിലനില്‍പിനു ഭീഷണിയായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഗീയവാദികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെടുന്ന നിലപാടാണ് പാക് ഭരണകൂടം സ്വീകരിച്ചത്. ആസ്യയെ മോചിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പുനഃപരിശോധന ആവശ്യപ്പെടാമെന്നും ആസ്യ രാജ്യം വിട്ടുപോകുന്നതു തടയാമെന്നും കലാപകാരികള്‍ക്കു ഉറപ്പുകൊടുത്തിരിക്കുകയാണു സര്‍ക്കാര്‍. വിധി വന്നെങ്കിലും ആസ്യയെ മോചിപ്പിക്കാതെ അജ്ഞാതകേന്ദ്രത്തില്‍ വലിയ സുരക്ഷയോടെ പാര്‍പ്പിച്ചിരിക്കുകയാണ്. ആസ്യയുടെ കുടുംബം തുടര്‍ച്ചയായി സ്ഥലം മാറിക്കൊണ്ടിരിക്കുന്നു.

ആസ്യയുടെ അഭിഭാഷകനായ സെയ്ഫ് മുലൂക് വിധി വന്ന ശേഷം രാജ്യം വിട്ടുപോയി. വര്‍ഗീയവാദികളുടെ വധഭീഷണിയെ തുടര്‍ന്നാണിത്. റോം വഴി ആംസ്റ്റെര്‍ഡാമിലേയ്ക്കു പോയ അദ്ദേഹം അവിടെ ഒരു പ്രഭാഷണം നടത്തിയ ശേഷം ലണ്ടനിലെത്തുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുമെന്നാണ് വാര്‍ത്ത.

പുനഃപരിശോധനാഹര്‍ജിയുടെ മേലുള്ള സുപ്രീംകോടതിവിധിയെ കോടതിക്കു പുറത്തുള്ള ശക്തികള്‍ സ്വാധീനിക്കാനിടയുണ്ടെന്ന് ആഷിഖ് മസീഹ് പറയുന്നു. സെഷന്‍സ് കോടതിയില്‍ ആസ്യയെ വധശിക്ഷയ്ക്കു വിധിക്കാന്‍ ജഡ്ജിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതിനകം പത്തു വര്‍ഷം തന്‍റെ ഭാര്യ ജയിലില്‍ കഴിഞ്ഞുവെന്നും ഇനിയെങ്കിലും കുടുംബവുമായി ഒന്നിക്കാന്‍ കഴിയുമെന്ന പ്രത്യാശയാണു സുപ്രീം കോടതിവിധി നല്‍കിയതെങ്കിലും അതും നിരാശയ്ക്കു വഴിമാറുന്ന കാഴ്ചയാണുള്ളതെന്നും മസീഹ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org