Latest News
|^| Home -> Kerala -> ആതുര സേവനരംഗത്തു കോര്‍പ്പറേറ്റ് ആധിപത്യം, വിശ്വാസം കുറയുന്നു: നിയുക്ത ചീഫ് ജസ്റ്റിസ്

ആതുര സേവനരംഗത്തു കോര്‍പ്പറേറ്റ് ആധിപത്യം, വിശ്വാസം കുറയുന്നു: നിയുക്ത ചീഫ് ജസ്റ്റിസ്

Sathyadeepam

ഏങ്ങണ്ടിയൂര്‍: ആതുര സേവനരംഗത്തു മിഷനറിമാരുടെ സൗജന്യനിരക്കിലുള്ള സേവനങ്ങളെ ഇല്ലാതാക്കുന്ന വിധത്തിലാണ് കോര്‍പ്പറേറ്റ് കടന്നുകയറ്റമെന്നു കേരള ഹൈക്കോടതിയുടെ നിയുക്ത ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. ഡോക്ടര്‍മാരടക്കം ആതുരസേവന രംഗത്തുള്ളവരില്‍ രോഗികള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഐ ആശുപത്രിയില്‍ “ആശുപത്രികളും ജീവന്‍ സുരക്ഷയും” എന്ന വിഷയത്തെക്കുറിച്ചു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തില്‍ ഏറ്റവും വിലപ്പെട്ടതാണു ജീവന്‍. അ തു രക്ഷിക്കാന്‍ എന്തു വില കൊടുത്തും ആതുര ശുശ്രൂഷകര്‍ തയ്യാറാകണം. അതു ദൈവിക ദൗത്യമാണ്. എന്നാല്‍ രോഗികളോടു സമര്‍പ്പണത്തോടെ ഇടപെടാനുള്ള സന്മനസ് കുറയുന്നു. ആതുര സേവകര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്ന കാലമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍തന്നെയാണ്. വിവിധ ആശുപത്രികളില്‍നിന്നുള്ള മേധാവികളും വിദഗ്ധരും പ്രതിനിധികളും പങ്കെടുത്ത കോണ്‍ഫെറന്‍സില്‍ നിയുക്ത ചീഫ് ജസ്റ്റിസ് പറഞ്ഞു.

നല്ല ആശയവിനിമയവും ആത്മാര്‍ത്ഥമായ സേവനവും ലഭിക്കുന്ന ചെറിയ ആശുപത്രികളിലേക്കു പോകാനാണ് രോഗികള്‍ ആഗ്രഹിക്കുന്നതെന്നു വിഷയം അവതരിപ്പിച്ചു സംസാരിച്ച വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. പി.പി. മോഹന്‍ പറഞ്ഞു.

ജീവന്‍റെ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന മൂന്നു കുടുംബങ്ങള്‍ക്കു പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ചിറ്റാട്ടുകരയിലെ എട്ടു മക്കളുള്ള ജോജുവിന്‍റെ കുടുംബം, ഏങ്ങണ്ടി യൂരിലെ ജിന്‍റോ-ജിഷ ദമ്പതികളുടെ അഞ്ചംഗ കുടുംബം, കോട്ടപ്പടിയിലെ സിബില്‍-ജൂലി ദമ്പതികളുടെ അഞ്ചംഗ കുടുംബം എന്നിവര്‍ക്കാണു ജസ്റ്റിസ് ആന്‍റണി ഡൊമിനിക് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. 1,800 കുട്ടികള്‍ക്കു രോഗശാന്തി പകരുന്ന സൊലേസ് ഡയറക്ടര്‍ ഷീബ അമീര്‍, അനേകം നിര്‍ധന കുടുംബങ്ങള്‍ക്കു സൗജന്യ ചികില്‍സയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന മണപ്പുറം ഗ്രൂപ്പിന്‍റെ സാരഥി വി.പി. നന്ദകുമാര്‍, നാലായിരത്തിലേറെ കുഞ്ഞുങ്ങളെ വളര്‍ത്തിയ സെന്‍റ് ക്രിസ്റ്റീനാസ് ഹോമിലെ സിസ്റ്റര്‍ മേരി തൃക്കോക്കാരന്‍, വിവിധ ആശുപത്രികളിലായി ആതുരസേവനം നടത്തുന്ന സന്യാസ സമൂഹാംഗങ്ങളുടെ മേധാവികളായ സിഎസ്എം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സെബി റോസ്, എഫ്സിസി പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍ റോസ് അനിത, സിഎസ്സി പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍ സിംഫോറിയ, സിസ്റ്റര്‍ സീന റോസി സിഎംസി എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉദയന്‍ തോട്ടപ്പുള്ളി ജീവന്‍റെ വൃക്ഷം നട്ടുകൊണ്ടാണ് സെമിനാറിനു തുടക്കം കുറിച്ചത്. ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, അമല മെഡിക്കല്‍ കോളജ് ജോയിന്‍റ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അഡ്വ. കെ.എഫ്. പാപ്പച്ചന്‍, എം ഐ ആശുപത്രി അസി. ഡയറക്ടര്‍ ഫാ. ജിമ്മി എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*