ആസ്ത്രേലിയന്‍ ആര്‍ച്ചുബിഷപ്പും കാര്‍ഡി.മക്കാരിക്കും രാജി വച്ചു

ആസ്ത്രേലിയന്‍ ആര്‍ച്ചുബിഷപ്പും  കാര്‍ഡി.മക്കാരിക്കും രാജി വച്ചു

ആസ്ത്രേലിയായിലെ അഡലേയ്ഡ് ആര്‍ച്ചുബിഷപ് ഫിലിപ് വില്‍സണ്‍ അതിരൂപതാ ഭരണത്തില്‍ നിന്നും അമേരിക്കയിലെ കാര്‍ഡിനല്‍ തിയഡോര്‍ മക്കാരിക് കര്‍ദിനാള്‍ പദവിയില്‍ നിന്നും രാജി വച്ചു. 1970-കളില്‍ തനിക്ക് അറിവു കിട്ടിയ ലൈംഗികപീഡനപരാതി അധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിന്‍റെ പേരില്‍ ആര്‍ച്ചുബിഷപ് വില്‍സണിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആസ്ത്രേലിയായില്‍ ആവശ്യമുയര്‍ന്നിരുന്നു. ആര്‍ച്ചുബിഷപ്പിനെ പുറത്താക്കണമെന്ന് മാര്‍പാപ്പയോട് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബില്ലും ആവശ്യപ്പെട്ടിരുന്നു. ലൈംഗികചൂഷണാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ഡിനല്‍ മക്കാരിക്കിന്‍റെ രാജി മാര്‍പാപ്പ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആസ്ത്രേലിയായിലെ നിരവധി മെത്രാന്മാരുള്‍പ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ച് ആര്‍ച്ചുബിഷപ് വില്‍സണ്‍ സ്വമേധയാ രാജി വയ്ക്കുകയായിരുന്നുവെന്ന് ആസ്ത്രേലിയന്‍ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ക് കോളെറിഡ്ജ് അറിയിച്ചു. ഇപ്പോള്‍ 67 വയസ്സുള്ള ആര്‍ച്ചുബിഷപ് വില്‍സണ്‍ പൗരോഹിത്യം സ്വീകരിച്ച് ആദ്യവര്‍ഷം ഉണ്ടായതാണ് രാജിയിലേയ്ക്കു നയിച്ച സംഭവം. അന്ന് ജെയിംസ് ഫ്ളെച്ചര്‍ എന്ന വൈദികന്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയത് അറിഞ്ഞിട്ടും ആ വിവരം അധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്തില്ല എന്നതാണ് ആര്‍ച്ചുബിഷപ് വില്‍സണിന്‍റെ രാജി ആവശ്യപ്പെടാന്‍ കാരണമായത്. എന്നാല്‍, ഇക്കാര്യങ്ങള്‍ തനിക്കിപ്പോള്‍ ഓര്‍മ്മയില്ലെന്നും എങ്കിലും ഇതിലെ ഇരകള്‍ക്കു വിഷമമുണ്ടാകാതിരിക്കാനാണു രാജി വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

88 വയസ്സുള്ള മക്കാരിക്കിനോട് പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും മുഴുകി ഏകാന്തവാസം നടത്താനാണ് മാര്‍പാപ്പ നിര്‍ദേശിച്ചിരിക്കുന്നത്. സുപ്രധാനമായ ഈ നടപടി സ്വീകരിച്ചതിന് അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘം മാര്‍പാപ്പയ്ക്കു നന്ദി പറഞ്ഞു. കാര്‍ഡിനല്‍ പദവിയില്‍ നിന്നു രാജി വയ്ക്കാമെങ്കിലും സഭാചരിത്രത്തില്‍ അപൂര്‍വം സംഭവങ്ങളേ ഇതുപ്രകാരം ഉണ്ടായിട്ടുള്ളൂ. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ കാര്‍ഡിനല്‍ കീത്ത് ഒബ്രയന്‍റെ രാജി ഇപ്രകാരം സ്വീകരിച്ചിരുന്നു. സ്കോട്ട്ലന്‍റിലെ എഡിന്‍ബറോ ആര്‍ച്ചുബിഷപ്പായിരുന്ന ഒബ്രയന്‍ രാജി വച്ചതും സമാനമായ സാഹചര്യങ്ങളിലായിരുന്നു. അദ്ദേഹം നിര്യാതനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org