ഓസ്ട്രിയായില്‍ സ്കൂള്‍ കുട്ടികള്‍ക്കു ശിരോവസ്ത്രം നിരോധിക്കാന്‍ നീക്കം

യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയായില്‍ പത്തു വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ ശിരോവസ്ത്രം ധരിക്കുന്നതു നിരോധിക്കുന്നതിനുള്ള ബില്‍ കൊണ്ടു വരുന്നു. കുടിയേറ്റക്കാരായ മുസ്ലീം സമൂഹം ഇതിനെ എതിര്‍ക്കുന്നുണ്ട്. രാജ്യത്തിന്‍റെ സംസ്കാരത്തെ സംരക്ഷിക്കുന്നതിനാണ് ഈ നിയമമെന്ന് ഓസ്ട്രിയായില്‍ അധികാരത്തിലെത്തിയിരിക്കുന്ന മുന്നണി ഗവണ്‍മെന്‍റ് വിശദീകരിക്കുന്നു. ഓസ്ട്രിയായില്‍ സമാന്തരസമൂഹങ്ങള്‍ വളര്‍ന്നു വരുന്നതിനെ നേരിടേണ്ടതുണ്ടെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കര്‍സ് പറഞ്ഞു. മുഖം മറയ്ക്കുന്ന ബുര്‍ഖകള്‍ പൊതുസ്ഥലങ്ങളില്‍ ധരിക്കുന്നത് ഓസ്ട്രിയ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. കര്‍ക്കശമായ കുടിയേറ്റ നിയന്ത്രണ നിയമങ്ങള്‍ നടപ്പാക്കണമെന്നു വാദിക്കുന്ന നേതാവാണ് കര്‍സ്. അഭയാര്‍ത്ഥികള്‍ക്കു പ്രവേശനമനുവദിക്കുക വഴി ഓസ്ട്രിയായുടെ ജനസംഖ്യാവിന്യാസത്തില്‍ ശ്രദ്ധേയമായ മാറ്റം അടുത്ത കാലത്തുണ്ടായിരുന്നു. ഓസ്ട്രിയായിലെ 87 ലക്ഷം ജനങ്ങളില്‍ ഇപ്പോള്‍ 2 ശതമാനം കുടിയേറ്റക്കാരാണ്. ഇവരിലേറെയും മുസ്ലീങ്ങളുമാണ്. മുസ്ലീങ്ങളോടു വിവേചനം പുലര്‍ത്തുന്നതാണ് പുതിയ നിയമനിര്‍മ്മാണങ്ങളെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org