ആര്‍ച്ചുബിഷപ് എവുജിന്‍ ഡിസൂസയുടെ ജന്മശതാബ്ദിയാചരണം

ഭോപ്പാല്‍ അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ് കാലം ചെയ്ത ഡോ. എവുജിന്‍ ഡിസൂസയുടെ ജന്മശതാബ്ദി ആഘോഷിച്ചു. മധ്യ ഭാരതത്തില്‍ സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിനു മുഖ്യപങ്കാളിത്തം വഹിച്ചിട്ടുള്ള ആര്‍ച്ചുബിഷപ് എവുജിന്‍ ഭോപ്പാല്‍ ഗ്യാസ് ദുരന്തമുഖത്ത് സഭയുടെ സാന്നിദ്ധ്യവും ശക്തിയുമായി ഏറെ കാര്യങ്ങള്‍ ചെയ്തിരുന്നു.

സെന്‍റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ നടന്ന അനുസ്മരണ ശുശ്രൂഷകളില്‍ ഭോപ്പാല്‍ ആര്‍ച്ചുബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ മുഖ്യകാര്‍മ്മികനായിരുന്നു. ഊര്‍ജ്ജസ്വലനായ പ്രവാചകനായിരുന്നു ആര്‍ച്ചുബിഷപ് ഡിസൂസയെന്ന് അദ്ദേഹം അനുസ്മരിച്ചു. "ദൈവത്തിനു വേണ്ടി പ്രവര്‍ത്തിച്ച ബുദ്ധിമാനായിരുന്നു അദ്ദേഹം. വിജ്ഞാനിയായ മനുഷ്യനായിരുന്നു ആര്‍ച്ചുബിഷപ് ഡിസൂസ." കത്തോലിക്കാ മെത്രാന്‍ സമിതിയില്‍ സജീവാംഗമായിരുന്ന ആര്‍ച്ചുബിഷപ് ഡിസൂസ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും മനുഷ്യനായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയും റിട്ടയേര്‍ഡ് ആര്‍ച്ചുബിഷപ്പുമായ ഈശോസഭാംഗം ഡോ. പാസ്ക്കല്‍ ടോപ്നോ പറഞ്ഞു. വിനയാന്വിതനും വിജ്ഞാനിയുമായിരുന്ന ആര്‍ച്ചുബിഷപ് എവുജിന്‍ ഡിസൂസ അതിരൂപതയിലെ ജനങ്ങളുടെ മനസ്സില്‍ എക്കാലവും നിത്യസ്മരണയായി നിലകൊള്ളുന്ന വ്യക്തിയാണെന്ന് അതിരൂപതാ പി ആര്‍ ഒ ഫാ. മരിയ സ്റ്റീഫന്‍ വ്യക്തമാക്കി.

2003 ല്‍ 86-ാമത്തെ വയസ്സില്‍ ദിവംഗതനായ ആര്‍ച്ചുബിഷപ് എവുജിന്‍റെ സംസ്ക്കാര കര്‍മ്മത്തില്‍ ക്രൈസ്തവര്‍ മാത്രമല്ല നാനാ ജാതി മതസ്ഥരായ നിരവധി പേര്‍ പങ്കെടുത്തിരുന്നു. മധ്യഭാരതത്തില്‍ ക്രിസ്തുസന്ദേശം പ്രചരിപ്പിക്കുന്നതിനും സുവിശേഷവത്കരണം സാദ്ധ്യമാക്കുന്നതിനും ഏറെ പ്രയത്നിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org