അഴിമതി അര്‍ബുദമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

അഴിമതി അര്‍ബുദമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

അഴിമതി ഒരു അര്‍ബുദം പോലെ ലോകത്തെ ബാധിച്ചിരിക്കുകയാണെന്നും അതിനെ നേരിടുന്നതിനു സഭ സമൂഹവുമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ ജീവിതങ്ങളെയെല്ലാം ബാധിച്ചിരിക്കുന്ന ഈ ദൈവദൂഷണത്തെ ചെറുത്തു തോല്‍പിക്കുന്നതിന് മറ്റെല്ലാ മതവിശ്വാസികളുമായും അവിശ്വാസികളുമായും നമ്മള്‍ ഒത്തു ചേരണം. ഇതിനു ബോധവത്കരണം ആവശ്യമാണ്. ഓരോരുത്തരും അവരവരുടെ സാദ്ധ്യതകളും കഴിവുകളും സര്‍ഗാത്മകതയും അനുസരിച്ച് ഈ അഴിമതി വിരുദ്ധ സംരംഭത്തോടു സഹകരിക്കണം – മാര്‍പാപ്പ വിശദീകരിച്ചു. വത്തിക്കാന്‍ സമഗ്ര മനുഷ്യവികസനകാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണ്‍ പുറത്തിറക്കിയ ഒരു പുസ്തകത്തിനുള്ള അവതാരികയിലാണ് മാര്‍പാപ്പ അഴിമതിയെക്കുറിച്ചു വിശദീകരിക്കുന്നത്. കാര്‍ഡിനല്‍ ടര്‍ക്സണുമായുള്ള ഒരു അഭിമുഖ സംഭാഷണമാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അഴിമതി എന്ന വാക്കു തന്നെ അഴുകലിനെയും ഛിദ്രത്തെയും തകര്‍ച്ചയെയും കണ്ണീരിനെയും സൂചിപ്പിക്കുന്നുവെന്ന് മാര്‍പാപ്പ എഴുതുന്നു. ദൈവവുമായും അയല്‍വാസിയുമായും സൃഷ്ടിജാലവുമായും ഉള്ള ബന്ധത്തിലൂടെയാണ് ഒരു മനുഷ്യവ്യക്തിയുടെ ജീവിതത്തെ നമുക്കു മനസ്സിലാക്കാന്‍ കഴിയുക. ഈ ബന്ധങ്ങളെ മാനിക്കുമ്പോള്‍ നാം സത്യസന്ധരും ഉത്തരവാദിത്വമുള്ളവരും പൊതുനന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമായി മാറുന്നു. പ ക്ഷേ അഴിമതി കടന്നുവരുമ്പോള്‍ ഇതെല്ലാം തകരുന്നു. ജീര്‍ണിച്ച മനുഷ്യന്‍റെ ക്രമരഹിതമായ ജീവിതമാണ് അഴിമതി പ്രകാശനം ചെയ്യുന്നത്. ഇതു സമൂഹത്തെയാകെ ബാധിക്കുന്നു. നാം അഭിമുഖീകരിക്കേണ്ട വളരെ ഗാഢമായ ഒരു സാംസ്കാരിക പ്രശ്നമാണ് അഴിമതി. ചൂഷണത്തിന്‍റെയും മനുഷ്യക്കടത്തിന്‍റെയും ആയുധവ്യാപാരത്തിന്‍റെയും സാമൂഹ്യമായ അനീതികളുടെയും പിന്നില്‍ അഴിമതിയാണ്. അടിമത്തത്തിന്‍റെയും തൊഴിലില്ലായ്മയുടെയും മാലിന്യത്തിന്‍റെയും പരിസ്ഥിതിനാശത്തിന്‍റെയും കാരണവും അഴിമതി തന്നെയാണ് – അവതാരികയില്‍ മാര്‍പാപ്പ വിശദീകരിച്ചിരിക്കുന്നു.

അഴിമതിയുടെ വിവിധ മാനങ്ങളാണ് ഈ പുസ്തകത്തില്‍ കാര്‍ഡിനല്‍ ടര്‍ക്സണ്‍ വിശകലനം ചെയ്യുന്നത്. മനുഷ്യന്‍റെ ഹൃദയത്തിലാണ് അഴിമതി മുള പൊട്ടുന്നത്. എല്ലാ മനുഷ്യരുടെയും ഹൃദയത്തില്‍ അതിനു മുളയെടുക്കാന്‍ കഴിയും. അഴിമതിയുടെ പ്രലോഭനത്തിനു നാമെല്ലാം വിധേയരാണ്. ആത്മീയവും സാംസ്കാരികവും രാഷ്ട്രീയവുമായ പലതരം അഴിമതികളുണ്ട്. ആത്മീയമായ ലൗകികതയാണ് ഏറ്റവും വലിയ അപകടമെന്ന് ഹെന്‍റിഡി ലുബാക് എഴുതിയിട്ടുണ്ട് – കാര്‍ഡിനല്‍ വിശദീകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org