തട്ടിയെടുക്കപ്പെട്ട ബംഗ്ലാദേശി വൈദികന്‍ സ്വതന്ത്രനായി

ബംഗ്ലാദേശിന്‍റെ വടക്കുകിഴക്കന്‍ പ്രദേശത്ത് തട്ടിക്കൊണ്ടു പോകലിന് ഇരയായ കത്തോലിക്കാ വൈദികന്‍ ഫാ. വില്യം റൊസാരിയോ രക്ഷപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനു തൊട്ടുമുമ്പാണ് തട്ടിയെടുക്കല്‍ നടന്നത്. പുരോഹിതന്‍ അക്രമികളില്‍ നിന്നു രക്ഷപ്പെട്ടോടുകയായിരുന്നുവെന്നാണ് സൂചന. ഒരു ബസ് സ്റ്റോപ്പില്‍ നിന്ന് വൈദികന്‍ തന്‍റെ സഹോദരനെ ഫോണില്‍ വിളിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളും പോലീസും എത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി. 41 കാരനായ ഈ ഇടവക വികാരി സഭ നടത്തുന്ന ഒരു ഹൈസ്കൂളിന്‍റെ ഹെഡ്മാസ്റ്ററായും സേവനം ചെയ്യുന്നുണ്ടായിരുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കെയായിരുന്നു തട്ടിക്കൊണ്ടു പോകല്‍. ധാക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ച രണ്ടു ഡീക്കന്മാരെ കുറിച്ചുള്ള ഒരു സ്മരണികയുടെ അച്ചടിജോലികള്‍ക്കായി ബൈക്കില്‍ പോകുമ്പോഴാണ് അദ്ദേഹം അപ്രത്യക്ഷനായത്. തട്ടിയെടുക്കപ്പെട്ട അന്നു തന്നെ അക്രമികള്‍ വൈദികന്‍റെ കുടുംബത്തെ ബന്ധപ്പെട്ട് 3 ലക്ഷം ബംഗ്ലാദേശി കറന്‍സി മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org