ബംഗ്ലാദേശില്‍ മാര്‍പാപ്പ പതിനാറു പേര്‍ക്കു തിരുപ്പട്ടം നല്‍കി

ബംഗ്ലാദേശില്‍ മാര്‍പാപ്പ പതിനാറു പേര്‍ക്കു തിരുപ്പട്ടം നല്‍കി

ബംഗ്ലാദേശ് സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 16 പേര്‍ക്കു പൗരോഹിത്യം നല്‍കി. ജീവിതത്തിന്‍റെ വിശുദ്ധി ക്രൈസ്തവ വിശ്വാസികള്‍ക്ക് ആഹ്ലാദകരമായ സൗരഭ്യമായി മാറട്ടെയെന്നു നവവൈദികരോടു മാര്‍പാപ്പ ആശംസിച്ചു.

അല്മായവിശ്വാസികളോടു അടുപ്പം സൂക്ഷിക്കാന്‍ ബംഗ്ലാദേശിലെ മെത്രാന്മാരുടെ സമ്മേളനത്തില്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. അല്മായരുടെ സിദ്ധികള്‍ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുക. സഭയ്ക്കും സമൂഹത്തിനാകെയും തങ്ങളുടെ ദാനങ്ങള്‍ നല്‍കാന്‍ അല്മായരെ പ്രോത്സാഹിപ്പിക്കുക. നമ്മുടെ വിശ്വാസത്തിന്‍റെ സത്യവും സൗന്ദര്യവും യുവജനങ്ങള്‍ക്കു വെളിപ്പെടുത്തി കൊടുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുക – മെത്രാന്മാരോടായി മാര്‍പാപ്പ പറഞ്ഞു. വൃദ്ധവൈദികരുടെ വിശ്രമമന്ദിരത്തില്‍ വച്ചാണ് മാര്‍പാപ്പ ബംഗ്ലാദേശിലെ 12 മെത്രാന്മാരെ അഭിസംബോധന ചെയ്തത്.

മ്യാന്‍മര്‍ സന്ദര്‍ശനത്തിനു ശേഷമാണ് മാര്‍പാപ്പ ബംഗ്ലാദേശിലെത്തിയത്. ബംഗ്ലാദേശില്‍ കത്തോലിക്കര്‍ തീരെ ചെറിയ ന്യൂനപക്ഷമാണ്. 15.6 കോടി ജനങ്ങളില്‍ 3.75 ലക്ഷം മാത്രം. അതായത് ജനസംഖ്യയുടെ 0.2 ശതമാനം. 12 മെത്രാന്മാരും 372 വൈദികരുമാണ് അവിടെ സേവനം ചെയ്യുന്നത്. 1427 മതബോധകരും 1210 അല്മായ മിഷണറിമാരുമുണ്ട്.

മ്യാന്‍മറില്‍ നിന്ന് അക്രമങ്ങള്‍ ഭയന്നു പലായനം ചെയ്യുകയും ബംഗ്ലാദേശില്‍ അഭയം തേടുകയും ചെയ്ത റോഹിംഗ്യന്‍ മുസ്ലീം അഭയാര്‍ത്ഥികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org