ജ്ഞാനസ്നാനം കുഞ്ഞുങ്ങളെ നന്മയില്‍ വളരാന്‍ സഹായിക്കും -ഫ്രാന്‍സിസ് മാര്‍പാപ്പ

ജ്ഞാനസ്നാനം കുഞ്ഞുങ്ങളെ നന്മയില്‍ വളരാന്‍ സഹായിക്കും -ഫ്രാന്‍സിസ് മാര്‍പാപ്പ

ജ്ഞാനസ്നാനത്തിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവിന്‍റെ കൃപ, നന്മയില്‍ വളരാന്‍ കുഞ്ഞുങ്ങളെ സഹായിക്കുമെന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കുന്ന കത്തോലിക്കാരീതി പ്രധാനപ്പെട്ടതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ജ്ഞാനസ്നാനം സ്വീകരിക്കുന്നതു മനസ്സിലാകാത്ത പ്രായത്തില്‍ ജ്ഞാനസ്നാനം നല്‍കുന്നതു ശരിയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം വിശദീകരിച്ചുകൊണ്ട് വത്തിക്കാന്‍ അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ജ്ഞാനസ്നാനം നല്‍കുമ്പോള്‍ പരിശുദ്ധാത്മാവ് ആ കുഞ്ഞില്‍ പ്രവേശിക്കുന്നു. കുഞ്ഞില്‍ ക്രൈസ്തവനന്മകള്‍ വേരെടുത്തു വളരാന്‍ ആത്മാവ് ഇടയാക്കുന്നു. കുട്ടി വളര്‍ന്നു കഴിയുമ്പോള്‍ ജ്ഞാനസ്നാനം സ്വന്തമായി ആഗ്രഹിച്ചു സ്വീകരിക്കട്ടെ എന്നു കരുതുന്നവരുണ്ട്. പക്ഷേ അങ്ങനെ ചിന്തിച്ചു കുഞ്ഞിനു ജ്ഞാനസ്നാനം നല്‍കാതിരിക്കുന്നത് പരിശുദ്ധാത്മാവിനെ വിശ്വസിക്കാതിരിക്കുന്നതിനു തുല്യമാണ് – മാര്‍പാപ്പ വിശദീകരിച്ചു.

പരിശുദ്ധാത്മാവിനെ ഉള്ളില്‍ സ്വീകരിക്കാനും ജീവിതകാലം മുഴുവന്‍ ആത്മാവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം ലഭിക്കാനും ഉള്ള അവസരം എല്ലാ കുട്ടികള്‍ക്കും നാം നല്‍കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. മനസ്സിലാക്കല്‍ കൊണ്ടോ ബുദ്ധി കൊണ്ടോ അര്‍ഹത കൊണ്ടോ അല്ല ഈ കൂദാശയുടെ കൃപകള്‍ ഒരാള്‍ക്കു ലഭിക്കുന്നത്. തികച്ചും ദാനമാണത്. ജ്ഞാനസ്നാനം ആരും അര്‍ഹിക്കുന്നില്ല. കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ലഭിക്കുന്ന സൗജന്യസമ്മാനമാണത്. ജ്ഞാനസ്നാനം നമ്മെ കര്‍ത്താവിന്‍റെ മരണത്തിലും ഉത്ഥാനത്തിലും ആഴ്ത്തുന്നു. പാപത്തിന്‍റെ ആധിപത്യമുള്ള പഴയ മനുഷ്യന്‍ യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനു വഴിമാറുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org