മാമോദീസാപേര് മാര്‍പാപ്പയോടു വെളിപ്പെടുത്തി, ദ.കൊറിയന്‍ പ്രസിഡന്‍റ്

മാമോദീസാപേര് മാര്‍പാപ്പയോടു വെളിപ്പെടുത്തി, ദ.കൊറിയന്‍ പ്രസിഡന്‍റ്

"ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് എന്ന നിലയില്‍ മാത്രമല്ല ഞാന്‍ അങ്ങയെ കാണാന്‍ വരുന്നത്, ഒരു കത്തോലിക്കനായിട്ടു കൂടിയാണ്. എന്‍റെ മാമോദീസാ പേര് തിമോത്തി എന്നാണ്." ഇതായിരുന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടപ്പോള്‍ പറഞ്ഞ ആദ്യവാചകം. ദക്ഷിണ കൊറിയയും വത്തിക്കാനും തമ്മിലുള്ള നയതന്ത്രബന്ധത്തിന്‍റെ അമ്പത്തഞ്ചാം വാര്‍ഷികവേളയിലായിരുന്നു സന്ദര്‍ശനം. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷങ്ങള്‍ക്കു ശാശ്വതപരിഹാരമുണ്ടാകുന്നതിനോടുള്ള പ്രതിബദ്ധത അദ്ദേഹവും മാര്‍പാപ്പയും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഈ നിയോഗം വച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ സെ.പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പ്രസിഡന്‍റ് പങ്കെടുത്തു.

പ്രസിഡന്‍റായി അധികാരമേറ്റയുടനെ ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പരിഹാരത്തിനു മാര്‍പാപ്പയുടെ മാദ്ധ്യസ്ഥ്യം മൂണ്‍ ജേ ഇന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പിന്നീട് ഇരു കൊറിയകളുടേയും മേധാവികള്‍ ഉച്ചകോടികള്‍ നടത്തുകയും സംഘര്‍ഷാവസ്ഥയില്‍ ഗണ്യമായ കുറവ് ഉണ്ടാകുകയും ചെയ്തു. മാത്രവുമല്ല, കഴിഞ്ഞ മാസത്തെ ഉച്ചകോടിക്കിടെ, ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഉത്തര കൊറിയ സന്ദര്‍ശിക്കാനുള്ള ക്ഷണം ഉത്തര കൊറിയന്‍ മേധാവി കിം ജോംഗ് ഉന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിനു കൈമാറുകയും ചെയ്തു. മൂണ്‍ ജേ ഇന്‍ ഇക്കാര്യവും മാര്‍പാപ്പയുമായി സംസാരിച്ചു. ഉത്തരകൊറിയയിലേയ്ക്കു മാര്‍പാപ്പയുടെ സന്ദര്‍ശനമുണ്ടാകുകയാണെങ്കില്‍ അതു കൊറിയന്‍ ചരിത്രത്തിലെ നിര്‍ണായകസംഭവമായിരിക്കുമെന്നു കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org