പൊതുകെട്ടിടങ്ങളിലെല്ലാം കുരിശുവയ്ക്കണമെന്നു ബവേറിയ: സമ്മിശ്ര പ്രതികരണങ്ങള്‍

പൊതുകെട്ടിടങ്ങളിലെല്ലാം കുരിശുവയ്ക്കണമെന്നു ബവേറിയ: സമ്മിശ്ര പ്രതികരണങ്ങള്‍

ജര്‍മ്മനിയിലെ ബവേറിയായിലെ സര്‍ക്കാര്‍ വക കെട്ടിടങ്ങളുടെയെല്ലാം കവാടങ്ങളില്‍ കുരിശു വയ്ക്കണമെന്ന ഭരണകൂടത്തിന്‍റെ തീരുമാനത്തെക്കുറിച്ചു ജര്‍മ്മനിയിലെങ്ങും ചര്‍ച്ചകള്‍ നടക്കുന്നു. ജൂണ്‍ ഒന്നിനു കുരിശുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നാടിന്‍റെ സംസ്കാരത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നതിനും അതില്‍ അഭിമാനിക്കുന്നതിനുമാണ് ഇതെന്നു ഭരണാധികാരികള്‍ പറയുന്നു. സഭാധികാരികളില്‍ തന്നെ ചിലര്‍ ഇതിനെ വിമര്‍ശിക്കുകയും മറ്റു ചിലര്‍ പിന്തുണയ്ക്കുകയുമാണ്.

മ്യൂണിച്ച് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ഡീയിന്‍ഹാര്‍ഡ് മാര്‍ക്സാണ് ഒരു വിമര്‍ശകന്‍. അക്രമം, അനീതി, പാപം, മരണം എന്നിവയോടുള്ള എതിര്‍പ്പിന്‍റെ പ്രതീകമാണ് കുരിശെന്നും അതു കുറെ പേരെ ഒഴിവാക്കുന്നതിന്‍റെ അടയാളമായി കാണപ്പെടരുതെന്നും കാര്‍ഡിനല്‍ പറഞ്ഞു. കുരിശ് തികച്ചും ഒരു സാംസ്കാരികാടയാളമായി തെറ്റിദ്ധരിക്കപ്പെടാനും അപ്രകാരം ഭരണകൂടം അതിനെ ദുരുപയോഗിക്കാനും സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. കുരിശിന്‍റെ അര്‍ത്ഥം വിശദീകരിക്കേണ്ടത് ഭരണകൂടമല്ല. വിഭാഗീയതയും അസ്വസ്ഥതയും വിപരീതഫലവുമാണ് ബവേറിയന്‍ ഭരണകൂടത്തിന്‍റെ ഈ നടപടി ഉണ്ടാക്കിയിട്ടുള്ളത് – കാര്‍ഡിനല്‍ വിശദീകരിച്ചു.

എന്നാല്‍ ബവേറിയന്‍ പ്രാദേശിക ഭരണകൂടത്തിന്‍റെ അദ്ധ്യക്ഷനായ മാര്‍കസ് സോദറും ഭരണകക്ഷിയിലെ മറ്റു നേതാക്കളും കാര്‍ഡിനലിനോടു വിയോജിക്കുന്നു. കുരിശ് പ്രാഥമികമായി ഒരു മതചിഹ്നമാണെങ്കിലും വിശാലമായ അര്‍ത്ഥത്തില്‍ അതൊരു മതേതര രാഷ്ട്രത്തിന്‍റെ അടിസ്ഥാനങ്ങളെ തന്നെയാണു സൂചിപ്പിക്കുന്നതെന്നു സോദര്‍ അഭിപ്രായപ്പെട്ടു. പ്രൊട്ടസ്റ്റന്‍റ് ലൂഥറന്‍ വിശ്വാസിയാണ് സോദര്‍. ബവേറിയന്‍ കത്തോലിക്കാ രൂപതയായ റീഗന്‍സ്ബുര്‍ഗ് രൂപതാ ബിഷപ് വോഡെര്‍ഹോള്‍സറും ഭരണകൂട നടപടിയെ ന്യായീകരിക്കുകയും കുരിശ് പാശ്ചാത്യസംസ്കാരത്തിന്‍റെ സാരാംശമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org