ആഹ്ലാദിക്കുക, സന്തുഷ്ടരായിരിക്കുക: വിശുദ്ധി പ്രാപിക്കുക സകല ക്രൈസ്തവരുടേയും ദൗത്യം-ഫ്രാന്‍സിസ് മാര്‍പാപ്പ

ആഹ്ലാദിക്കുക, സന്തുഷ്ടരായിരിക്കുക:  വിശുദ്ധി പ്രാപിക്കുക സകല ക്രൈസ്തവരുടേയും ദൗത്യം-ഫ്രാന്‍സിസ് മാര്‍പാപ്പ

ആഹ്ലാദിക്കുക, സന്തുഷ്ടരായിരിക്കുക എന്ന പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ അപ്പസ്തോലിക പ്രഖ്യാപനം പ്രസിദ്ധീകരിക്കപ്പെട്ടു. "സമകാലിക ലോകത്തില്‍ വിശുദ്ധിയിലേയ്ക്കുള്ള വിളിയെ കുറിച്ച്" എന്നതാണ് 44 പേജുകളുള്ള അപ്പസ്തോലിക പ്രഖ്യാപനത്തിന്‍റെ ഉപതലക്കെട്ട്. അനുദിന സാധാരണ ജീവിതത്തില്‍ വിശുദ്ധിയിലേയ്ക്കുള്ള വിളിക്കനുസൃതം ജീവിക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളാണ് പ്രഖ്യാപനത്തിന്‍റെ സവിശേഷത.

കുഞ്ഞുങ്ങളെ ഗാഢ സ്നേഹത്തോടെ വളര്‍ത്തുന്ന മാതാപിതാക്കളിലും കുടുംബം പോറ്റാന്‍ അത്യദ്ധ്വാനം ചെയ്യുന്ന സ്ത്രീപുരുഷന്മാരിലും പുഞ്ചിരി ഒരിക്കലും മായാതെ സൂക്ഷിക്കുന്ന വൃദ്ധസന്യസ്തരിലുമെല്ലാമുള്ള വിശുദ്ധിയെക്കുറിച്ചു മാര്‍പാപ്പ പരാമര്‍ശിക്കുന്നു. നമ്മുടെ മദ്ധ്യേ ജീവിക്കുന്ന തൊട്ടയല്‍ക്കാരില്‍ നാം കാണുന്ന വിശുദ്ധിയാണു മിക്കപ്പോഴും ദൈവസാന്നിദ്ധ്യത്തെ പ്രതിഫലിപ്പിക്കുന്നത്. അവരെ വേണമെങ്കില്‍ നമുക്കു "വിശുദ്ധിയുടെ മദ്ധ്യവര്‍ഗം" എന്നു വിളിക്കാം. ഒരു ദൗത്യമെന്ന നിലയില്‍ നിങ്ങളുടെ ജീവിതത്തെ അതിന്‍റെ സമ്പൂര്‍ണതയില്‍ കാണേണ്ടതുണ്ട്. വിശുദ്ധര്‍ അങ്ങനെയാണ്. ഓരോ നിമിഷങ്ങളിലും തീരുമാനങ്ങളിലും പ്രാര്‍ത്ഥനയില്‍ ദൈവത്തെ ശ്രവിക്കുകയും പരിശുദ്ധാത്മാവിനോട് മാര്‍ഗദര്‍ശനം തേടുകയും ചെയ്തുകൊണ്ടിരുന്നാല്‍ ഇതു കരസ്ഥമാക്കാനാകും – മാര്‍പാപ്പ വിശദീകരിച്ചു.

വിശുദ്ധിയിലേയ്ക്കുള്ള ഒരു മാര്‍ഗമായിട്ടല്ലാതെ ഒരു ക്രിസ്ത്യാനിക്ക് ഭൂമിയിലെ തന്‍റെ ദൗത്യത്തെ നോക്കിക്കാണാനാവില്ലെന്നു പാപ്പ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. ഈ മാര്‍ഗത്തിന്‍റെ പൂര്‍ണമായ അര്‍ത്ഥം ക്രിസ്തുവിലാണു നമുക്കു കണ്ടെത്താനാകുക. ക്രിസ്തുവിലൂടെയല്ലാതെ ഇതിനെ പൂര്‍ണമായി മനസ്സിലാക്കാനാവില്ല. സ്നേഹം അതിന്‍റെ പൂര്‍ണതയില്‍ ജീവിക്കുന്നതല്ലാതെ മറ്റൊന്നുമല്ല വിശുദ്ധിയെന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഓര്‍ക്കുക. വിശുദ്ധിയുടെ പാതയിലൂടെ ചരിക്കുന്നതിനു പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമൊപ്പം പ്രവൃത്തി കൂടി ആവശ്യമുണ്ട്. രണ്ടും പരസ്പരം വേര്‍പെടുത്താനാവില്ല – മാര്‍പാപ്പ വിശദീകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org