വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ ഫെബ്രുവരി 25 ന്

വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ ഫെബ്രുവരി 25 ന്

വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ സഭയില്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 25 ന് ആചരിക്കും. റാണി മരിയയുടെ രക്തസാക്ഷിത്വദിനമാണത്. ഫ്രാന്‍സിസ് മാര്‍പാപ്പ ശ്ലൈഹിക തിരുവെഴുത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉദയ്നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലാണ് സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ളത്.

സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തിയതിനോടനുബന്ധിച്ചു സിസ്റ്ററുടെ കബറിടമുള്ള മധ്യപ്രദേശിലെ ഉദയ്നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജിയാംബറ്റിസ്റ്റ ദിക്കാത്രോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെട്ടു. റാണി മരിയയുടെ തിരുശേഷിപ്പും തിരുസ്വരൂപവും ആര്‍ച്ച്ബിഷപ് ഡോ. ദിക്കാത്രോ ആശീര്‍വദിച്ചു. ദിവ്യബലിയില്‍ നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര വചനസന്ദേശം നല്‍കി. ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഇന്‍ഡോര്‍ ബിഷപ് മാര്‍ ചാക്കോ തോട്ടുമാരിക്കല്‍, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ഹെന്‍റി ജാഗോത്സിംകി, ഇന്‍ഡോര്‍ രൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ ജോണ്‍ എന്നിവര്‍ സഹകാര്‍മികരായി. രാജ്യത്തിനകത്തും പുറത്തും നിന്നുമായി നൂറോളം വൈദികര്‍, അഞ്ഞൂറോളം സന്യാസിനികള്‍, ആയിരക്കണക്കിനു വിശ്വാസികള്‍, ഗ്രാമവാസികള്‍ എന്നിവര്‍ ദിവ്യബലിയില്‍ പങ്കെടുക്കാനെത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org