വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണിമരിയ: കേരള സഭാതല ആഘോഷം

വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണിമരിയ: കേരള സഭാതല ആഘോഷം

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കേരള സഭാതല ആഘോഷം എറണാകുളത്ത് നടന്നു. എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നിന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെയാണ് ആഘോഷപരിപാടികള്‍ക്കു തുടക്കമായത്. അതിരൂപത പ്രോവികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടനാണു തിരുശേഷിപ്പ് വഹിച്ചത്. സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്കെത്തിച്ച തിരുശേഷിപ്പ് പുല്ലുവഴി പള്ളി വികാരി ഫാ. ജോസ് പാറപ്പുറത്തില്‍ നിന്ന് ഏറ്റുവാങ്ങി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.

എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്‍റെ സ്വാഗതപ്രസംഗശേഷം, സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്ലൈഹിക തിരുവെഴുത്ത് ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ വായിച്ചു. സഹകാര്‍മികര്‍ക്കൊപ്പം അള്‍ത്താരയില്‍ തിരിതെളിയിച്ച മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം വചനസന്ദേശം നല്‍കി. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, തലശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, എറണാകുളം-അങ്കമാലി മുന്‍ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, ഛാന്ദാ ബിഷപ് മാര്‍ എഫ്രേം നരികുളം, മാണ്ഡ്യ ബിഷപ് മാര്‍ ആന്‍റണി കരിയില്‍, പുനലൂര്‍ ബി ഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ക്കൊപ്പം നൂറുകണക്കിനു വൈദികരും ദിവ്യബലിയില്‍ സഹകാര്‍മികരായി.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, എഫ് സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി, ഉദയ്നഗറില്‍ നിന്നുള്ള പ്രതിനിധി സേവാ സിംഗ്, ആഘോഷപരിപാടികളുടെ ജനറല്‍ കണ്‍വീനറും അതിരൂപത പ്രോവികാരി ജനറാളുമായ മോണ്‍. ആന്‍റണി നരികുളം, ആന്‍റോ ചേരാംതുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org