ബെനഡിക്ട് പതിനാറാമന്‍റെ പുതിയ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടു

ബെനഡിക്ട് പതിനാറാമന്‍റെ പുതിയ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടു

വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്‍റെ ഏറ്റവും പുതിയ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. ബെനഡിക്ട് പാപ്പായുമായി നിരവധി അഭിമുഖസംഭാഷണങ്ങള്‍ നടത്തുകയും പാപ്പായെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള പീറ്റര്‍ സീവാള്‍ഡ് ആണ് ഗ്രന്ഥകാരന്‍. ബെനഡിക്ട് പാപ്പായുമായി 2018-ല്‍ നടത്തിയതും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ വിശദമായ അഭിമുഖസംഭാഷണവും ജര്‍മ്മനിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിലുണ്ട്. ഒരു ക്രൈസ്തവ വിരുദ്ധ വിശ്വാസപ്രമാണം ആധുനിക ലോകം രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അതില്‍ വിശ്വസിക്കാത്തവരെ സമൂഹഭ്രഷ്ട് കല്‍പിച്ചു പുറത്താക്കുന്ന രീതിയാണ് ഉണ്ടാകുന്നതെന്നും അഭിമുഖത്തില്‍ പാപ്പാ പറയുന്നു.

തന്‍റെ സ്ഥാനത്യാഗത്തെയും അതിനു ശേഷമുള്ള ജീവിതത്തെയും കുറിച്ചുള്ള സംശയങ്ങള്‍ക്ക് ബെനഡിക്ട് പതിനാറാമന്‍ ഇതില്‍ മറുപടി പറയുന്നു. വത്തിക്കാനിലെ അഴിമതിയോ വത്തിക്കാന്‍ രേഖകളുടെ പുറത്താകലോ (വത്തിലീക്സ്) ഒന്നുമല്ല രാജിയുടെ കാരണം. വേണ്ട രീതിയില്‍ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള പ്രാപ്തിക്കുറവും മറവിരോഗം വരാനുള്ള സാദ്ധ്യതയും കണക്കെലെടുത്തായിരുന്നു പാപ്പാ സ്ഥാനത്തു നിന്നുള്ള രാജി. ചുമതലകള്‍ വേണ്ട വിധം നിര്‍വഹിക്കാന്‍ കഴിയാത്ത വിധം രോഗബാധിതരായാല്‍ സ്ഥാനമൊഴിയുമെന്നു വ്യക്തമാക്കുന്ന സോപാധിക രാജിക്കത്തുകളില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും നേരത്തെ ഒപ്പു വച്ചിരുന്നു. താനത് താരതമ്യേന നേരത്തെ ചെയ്തു എന്നു മാത്രമേയുള്ളൂ. പ്രായപരിധി മൂലം വിരമിക്കുന്ന ഒരു മെത്രാന്‍റെ നൈയാമിക പദവിയാണ് റോമാ രൂപതയുടെ മെത്രാനായ മാര്‍പാപ്പ വിരമിക്കുമ്പോഴും ബാധകമാകുന്നത്. അതില്‍ മറ്റു സങ്കീര്‍ണതകളൊന്നും ഇല്ല. ഒരേ സമയം രണ്ടു മാര്‍പാപ്പാമാര്‍ എന്ന ചിന്തയ്ക്കു സ്ഥാനമില്ല. ഒരു രൂപതയ്ക്ക് ഒരു സമയം ഒരു മെത്രാന്‍ മാത്രമേ ഉണ്ടാകൂ – സീവാള്‍ഡിനോടു അദ്ദേഹം വിശദീകരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള വ്യക്തിപരമായ സൗഹൃദം 2013 ല്‍ ഗണ്ടോള്‍ ഫോ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ച മുതല്‍ ഇന്നു വരെ നിലനില്‍ക്കുക മാത്രമല്ല, വളരുകയും ചെയ്തിട്ടുണ്ടെന്നു ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org