ഭരണപരിഷ്ക്കാര കമ്മീഷന്‍ നിലപാട് വ്യക്തമാക്കണം കെ.സി.ബി.സി.

മദ്യശാലകള്‍ക്ക് അനുമതി നല്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം റദ്ദാക്കുന്നതിനുള്ള കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ പാസ്സാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആഗസ്റ്റ് 7 മുതല്‍ 11 വരെ കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ ചേര്‍ന്ന കേരള കത്തോലിക്കാ മെത്രന്‍മാരുടെ സമ്മേളനം ആവശ്യപ്പെട്ടു.

പ്രാദേശിക വികസനവും ജനപങ്കാളിത്തവുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആത്മാവെന്നിരിക്കെ, അവയ്ക്കു തുരങ്കം വയ്ക്കുന്ന നടപടികള്‍ ജനാധിപത്യത്തിനും ജനങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും വിരുദ്ധമാണ്. ജനങ്ങളുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കാന്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് സംസ്ഥാന ഭരണപരിഷ്ക്കാര കമ്മീഷന്‍ നിലപാടു വ്യക്തമാക്കണം. ജനങ്ങളുടെമേല്‍ മദ്യസംസ്ക്കാരം അടിച്ചേല്‍പ്പിക്കാനും മദ്യശാലകള്‍ക്കു നേരെയുള്ള പ്രാദേശികമായ ചെറുത്തുനില്പുകള്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ശ്രമം മദ്യ ലോബിയോടുള്ള അവരുടെ വിധേയത്വം വെളിപ്പെടുത്തുന്നതാണ്.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ, ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍നിന്നു തടയുന്ന പ്രസ്തുത ബില്ലുകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തതും ജനാധിപത്യ മൂല്യങ്ങള്‍ക്കു വിരുദ്ധവുമാണ്. പ്രസ്തുത ബില്ലുകള്‍ പാസ്സാക്കുന്നതില്‍നിന്ന് ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ പിന്മാറണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org