ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠനം

ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതായി ഓപ്പണ്‍ ഡോര്‍സ് എന്ന സന്നദ്ധ സംഘടന നടത്തിയ പഠനം വ്യക്തമാക്കുന്നു. മതത്തിന്‍റെ പേരിലുള്ള അതിക്രമങ്ങളുടെ പേരില്‍ നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് 31-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോഴത്തെ കണക്കനുസരിച്ച് 15-ാം സ്ഥാനത്താണ്. മതമര്‍ദ്ദനത്തിന്‍റെ കാര്യത്തില്‍ മുഖ്യതാവളമായിരുന്ന ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് ക്രൈസ്തവര്‍ പലരും പലായനം ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കുറവു വന്നതായും പഠനത്തില്‍ പറയുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധത്തിനു മുമ്പ് ആലപ്പോയിലെ ക്രിസ്ത്യന്‍ ജനസംഖ്യ നാലു ലക്ഷമായിരുന്നുവെങ്കില്‍ ഇപ്പോഴത് അറുപതിനായിരമായി ചുരുങ്ങിയതായും പഠനം സൂചിപ്പിക്കുന്നു. മധ്യപൂര്‍വദേശത്തെ പിന്നിലാക്കി പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും പട്ടികയില്‍ സൊമാലിയ. പാക്കിസ്ഥാന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ മുന്നിലെത്തിയതായും യെമനിലും അ ഫ്ഗാനിസ്ഥാനിലും മതപീഡനങ്ങള്‍ വര്‍ദ്ധിതമായതായും പഠനം വെളിപ്പെടുത്തുന്നു.
2016-ല്‍ ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെ ഉണ്ടായ അതിക്രമങ്ങളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2016 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഒരാഴ്ചയില്‍ ശരാശരി പത്ത് അതിക്രമങ്ങളെങ്കിലും ക്രൈസ്തവസ്ഥാപനങ്ങള്‍ക്കോ വിശ്വാസികള്‍ക്കോ നേരെ നടന്നിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org