ഭിന്നശേഷിയുള്ളവര്‍ക്ക് ആധ്യാത്മികശുശ്രൂഷ സഭയുടെ കടമ: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഭിന്നശേഷിയുള്ളവര്‍ക്ക് ആധ്യാത്മികശുശ്രൂഷ സഭയുടെ കടമ: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഭിന്നശേഷിയുള്ളവര്‍ക്ക് ആധ്യാത്മിക ശുശ്രൂഷ നല്‍കുകയെന്നതു സഭയുടെ കടമയാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ബധിരരുടെ സംഗമത്തോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യങ്ങളില്‍ ബധിരര്‍ക്കും മൂകര്‍ക്കുമായുള്ള ശുശ്രൂഷകള്‍ സഭ നല്‍കുന്നുണ്ട്. ഇവിടെ ഇതിനായി പരിശീലനം നേടിയവരുടെ സേവനം ലഭ്യമായ സാഹചര്യത്തില്‍ ഈ രംഗത്തു സഭ കൂടുതല്‍ പരിഗണന നല്‍കേണ്ടതുണ്ട്. എല്ലാ രൂപതകളിലും ഭിന്നശേഷിയുള്ളവരുടെ കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കണം. ശാരീരിക, മാനസിക മേഖലകളില്‍ കഴിവുകളുള്ളവരും ഇല്ലാത്തവരും ദൈവത്തിനു മുമ്പില്‍ ഒന്നാണെന്ന ചിന്ത നമുക്കുണ്ടാവണം. പിന്നിലാകുന്നവര്‍ക്കു കൈത്താങ്ങാകാനും അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കൈപിടിക്കാനും കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ബിജു മൂലക്കര ദിവ്യബലിയിലെ പ്രാര്‍ഥനകളും ഫാ. ജോര്‍ജ് കളരിമുറിയില്‍ വചനസന്ദേശവും ആംഗ്യഭാഷയില്‍ പ്രതിനിധികളെ പരിചയപ്പെടുത്തി. വചനവായന, ഗാനങ്ങള്‍ എന്നിവ ആംഗ്യഭാഷയില്‍ പരിചയപ്പെടുത്താന്‍ ബ്രദര്‍ ബിജു തേര്‍മടം, സിസ്റ്റര്‍ അഭയ, സ്റ്റാന്‍ലി തോമസ് എന്നിവരുണ്ടായിരുന്നു. വിവിധ രൂപതകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ഇരുനൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. ഏഴു മുതല്‍ എണ്‍പതു വയസ്സു വരെയുള്ളവര്‍ സഭാ ആസ്ഥാനത്തെ കൂട്ടായ്മയില്‍ പങ്കെടുത്തു.

തുടര്‍ന്നു നടന്ന സമ്മേളനം നിയുക്ത കൂരിയ മെത്രാന്‍ മോണ്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ഉദ്ഘാടനം ചെയ്തു. ബധിരര്‍ക്കായുള്ള ശുശ്രൂഷകള്‍ നയിക്കുന്നവരെ അദ്ദേഹം ആദരിച്ചു. ഫാ. ബിജു മൂലക്കര, ഫാ. ജോര്‍ജ് കളരിമുറിയില്‍, ബ്രദര്‍ ബിജു തേര്‍മടം, വിവിധ ബധിരവിദ്യാലയങ്ങളുടെ പ്രതിനിധികളായ സിസ്റ്റര്‍ ഫിന്‍സിറ്റ, സിസ്റ്റര്‍ അനറ്റ്, സിസ്റ്റര്‍ ഉഷ, സിസ്റ്റര്‍ പ്രിജ, സിസ്റ്റര്‍ ദീപ കൊച്ചേരില്‍, സിസ്റ്റര്‍ ബെറ്റി ജോസ്, സിസ്റ്റര്‍ അഭയ എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പഠനത്തില്‍ മികവു പുലര്‍ത്തിയ ബധിരവിദ്യാര്‍ഥികളെ ആദരിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. പ്രോലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, സീറോ മലബാര്‍ സഭ മുഖ്യവക്താവും വിശ്വാസപരിശീലന കമ്മീഷന്‍ സെക്രട്ടറിയുമായ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റര്‍ മേരി ജോര്‍ജ്, സെന്‍റ് തോമസ് കാത്തലിക് ഡഫ് കമ്യൂണിറ്റി കോഓര്‍ഡിനേറ്റര്‍ സ്റ്റാലിന്‍ തേര്‍മടം, സെക്രട്ടറി ലിനി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org