ഭിന്നശേഷിയുള്ളവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുവാന്‍ സമൂഹത്തിന് കൂട്ടുത്തരവാദിത്വമുണ്ട് – കെ.എം. മാണി

ഭിന്നശേഷിയുള്ളവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുവാന്‍ സമൂഹത്തിന് കൂട്ടുത്തരവാദിത്വമുണ്ട് – കെ.എം. മാണി

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുവാന്‍ സമൂഹത്തിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എം. മാണി എം.എല്‍.എ. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷിയുള്ളവരുടെ സംഗമവും അന്ധ-ബധിര വൈകല്യമു ള്ളവരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ജീവിതം സമര്‍പ്പിച്ച ഹെലന്‍കെല്ലറിന്‍റെ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവരെ സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തതയിലെത്തിക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അന്ധബധിര വൈകല്യത്തെ അതിജീവി ച്ച് ലോകത്തിന് തന്നെ മാതൃകയായ ഹെലന്‍ കെല്ലര്‍ ഭിന്നശേഷിയുള്ളവര്‍ക്ക് പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കുവാന്‍ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ സാധിച്ചുവെന്നും ഇവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുത്താല്‍ ലോകത്തിന് തന്നെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്മൈലിംഗ് ഹാര്‍ട്ട്സുമായി സഹകരിച്ച് കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന ന്യൂട്രീഷന്‍ കിറ്റ് പദ്ധതിയുടെ വിതരണോദ് ഘാടനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസി അബ്രാഹം, വൈസ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോയിക്കന്‍. കെ. എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്‍റ് തോമസ് കൊറ്റോടം, സമരിറ്റന്‍ റിസോഴ്സ് സെന്‍റര്‍ ജോയിന്‍റ് ഡയറക്ടര്‍ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനു ബന്ധിച്ച് സെമിനാറും ഭിന്നശേഷിയുള്ള കുട്ടികള്‍ അണിയിച്ചൊരുക്കിയ കലാവിരുന്നും ഹെലന്‍ കെല്ലര്‍ അനുസ്മരണവും ക്രമീകരിച്ചിരുന്നു. സെമിനാറിന് നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു തോമസ് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org