ഭിന്നതയ്ക്കും വോട്ടു നേടുന്നതിനു വേണ്ടിയും മതങ്ങളെ ഉപയോഗിക്കരുത്

രാഷ്ട്രീയക്കാര്‍ വോട്ടു നേട്ടത്തിനു വേണ്ടിയും ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനും മതങ്ങളെ ഉപയോഗിക്കരുതെന്ന് ഇന്ത്യയിലെ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സമ്മേളനം അഭിപ്രായപ്പെട്ടു. വിവിധ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.

സമൂഹത്തില്‍ ഉരുത്തിരിയുന്ന ഭിന്നതകള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. "മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ചിലര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ നിശ്ശബ്ദരായ കാണികളായിരിക്കാന്‍ നമുക്കാവില്ല" – ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമത വ്യക്തമാക്കി. ഒന്നിച്ചു നില്‍ക്കാനും ശബ്ദമുയര്‍ത്താനുമുള്ള സമയമാണിതെന്നും അവര്‍ പറഞ്ഞു.

"നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക" എന്നതായിരുന്നു സമ്മേളനത്തിന്‍റെ മുഖ്യപ്രമേയം. ഉചിതമായ വിഷയമാണ് സമ്മേളനം തിരഞ്ഞെടുത്തതെന്ന് അനുസ്മരിച്ച മമതാ ബാനര്‍ജി, ചില വര്‍ഗീയശക്തികള്‍ നാം എന്തു ഭക്ഷിക്കണം, എന്തു ധരിക്കണം നമ്മുടെ വിശ്വാസം എങ്ങനെ പ്രഘോഷിക്കണം എന്നു തിട്ടപ്പെടുത്തി അതിനു നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടെന്നും സൂചിപ്പിച്ചു. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതു മുതല്‍ തീവ്രവാദ ഹിന്ദു ഗ്രൂപ്പുകളാല്‍ ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള പീഡനങ്ങളെക്കുറിച്ച് അവര്‍ വാചാലയായി. ക്രിസ്ത്യന്‍ മിഷനറികളും ക്രൈസ്തവ സഭയും രാജ്യത്തിനു നല്‍കി വരുന്ന സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും മമത ചൂണ്ടിക്കാട്ടി.

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചതെന്ന് മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ കാര്യാലത്തിന്‍റെ സെക്രട്ടറി ഫാ. ജോസഫ് മണിപ്പാടം പറഞ്ഞു. ക്രിസ്തുമതം വിദ്വേഷം പരത്തുന്നതല്ലെന്നും സാഹോദര്യവും സ്നേഹവുമാണ് അതിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നു രാജ്യത്ത് വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും അശുഭകരമായ അന്തരീക്ഷമുണ്ടെന്നും അതിനെതിരെ ഗുണകരവും ശുഭകരവുമായൊരു സമീപനത്തിനാണു തങ്ങളുടെ ശ്രമമെന്നും മെത്രാന്‍ സ മിതി സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്കരിനാസ് പറഞ്ഞു. ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ഏതു ശ്രമവും നിരുത്സാഹപ്പെടുത്തേണ്ടതും അപലപിക്കപ്പെടേണ്ടതുമാണെന്ന് കല്‍ക്കട്ട ആര്‍ച്ചുബിഷപ്പും മെത്രാന്‍സമിതിയുടെ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. തോമസ് ഡിസൂസ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org