ഭോപ്പാല്‍ അതിരൂപതയില്‍ ക്രൈസ്തവസഭകളുടെ സമാധാന കൂട്ടായ്മ

ഭോപ്പാല്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ ക്രൈസ്ത വസഭകള്‍ ഒരുമിച്ചു ചേര്‍ന്ന സമാധാന കൂട്ടായ്മയില്‍ മധ്യപ്രദേശിലും ഭാരതത്തിലാകെയും ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ചു ചര്‍ച്ച ചെയ്തു. വിവിധ സഭാവിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനം ഏതെങ്കിലും വ്യക്തികള്‍ക്കെതിരായോ സര്‍ക്കാരിനോ സംഘടനകള്‍ക്കോ എതിരായോ സംഘടിപ്പിക്കപ്പെട്ടതല്ലെന്നും ഭാരതത്തിന്‍റെ ഭരണഘടന നല്‍കുന്ന അവകാശങ്ങളെക്കുറിച്ചു ചിന്തിക്കുക മാത്രമായിരുന്നെന്നും ഭോപ്പാല്‍ അതിരൂപത വക്താവ് ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു.

പ്രദേശത്തെ ക്രൈസ്തവ മിഷനറികളുടെ പ്രവര്‍ത്തനങ്ങളോടു താദാത്മ്യപ്പെടാനുതകുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ആദിവാസി സ്ത്രീകള്‍ക്കൊപ്പം യാത്ര ചെയ്ത ഒരു കന്യാസ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്. മിഷനറി സ്ഥാപനങ്ങള്‍ എല്ലാ മതസ്ഥര്‍ക്കും സമീപസ്ഥമാണെന്നും മതേതര കാഴ്ചപ്പാടോടെയാണ് അവയുടെ പ്രവര്‍ത്തനങ്ങളെന്നും ഭോപ്പാല്‍ ആര്‍ച്ചുബിഷപ് ലിയോ കൊര്‍ണേലിയോ പറഞ്ഞു. എന്നാല്‍ മതമൗലികവാദികള്‍ മിഷനറികളെ താറടിച്ചു കാണിക്കുകയാണ്. വര്‍ഗീയ നിറം നല്‍കി അവരുടെ പ്രവര്‍ത്തനങ്ങളെ വികലമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത സഭാ നേതാക്കള്‍ പരാതിപ്പെട്ടു. സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാലതാമസം വരുത്തലും കാരണം മതന്യൂനപക്ഷങ്ങള്‍ക്ക് അന്യമാകുന്ന അവസ്ഥയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org