ഒര്‍ട്ടേഗായുടെ വിമര്‍ശകനായ നിക്കരാഗ്വന്‍ ബിഷപ്പിനു വത്തിക്കാനിലേയ്ക്കു സ്ഥലംമാറ്റം

ഒര്‍ട്ടേഗായുടെ വിമര്‍ശകനായ നിക്കരാഗ്വന്‍ ബിഷപ്പിനു വത്തിക്കാനിലേയ്ക്കു സ്ഥലംമാറ്റം

നിക്കരാഗ്വയില്‍ പ്രസിഡന്‍റ് ഡാനിയല്‍ ഒര്‍ട്ടേഗായുടെ നിശിത വിമര്‍ശകനായ ബിഷപ് സില്‍വിയോ ബയിസിനെ വത്തിക്കാനിലേയ്ക്കു വിളിപ്പിച്ചു. മനാഗുവ സഹായമെത്രാനായിരുന്ന ബിഷപ് ബയിസിനു വത്തിക്കാനില്‍ നല്‍കുന്ന ഉത്തരവാദിത്വം എന്താണെന്നോ എത്ര കാലത്തേയ്ക്കാണെന്നോ വ്യക്തമാക്കിയിട്ടില്ല. തകര്‍ന്ന ഹൃദയത്തോടെയാണു താന്‍ രാജ്യം വിടുന്നതെന്നു വിമാനത്താവളത്തില്‍ വച്ചു ബിഷപ് ബയിസ് പറഞ്ഞു. തന്‍റെ ഹൃദയം ഏപ്പോഴും നിക്കരാഗ്വയിലായിരിക്കുമെന്നും രാജ്യത്തെ സ്ഥിതിഗതികളെ ശ്രദ്ധാപൂര്‍വം വീക്ഷിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാധിക്കുമ്പോഴെല്ലാം ഫ്രാന്‍സിസ് മാര്‍പാപ്പയോടു രാജ്യത്തിന്‍റെ സ്ഥിതി വിശദീകരിച്ചുകൊടുക്കുമെന്നും ബിഷപ് പറഞ്ഞു.

ഒര്‍ട്ടേഗായ്ക്കെതിരായ ശക്തമായ നിലപാടു സ്വീകരിക്കുക വഴി ഭരണകൂടത്തി ന്‍റെ ശത്രുവായി മാറിയ ബിഷപ് ബയിസിനെതിരെ നിരവധി വധഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഒരു ഭരണാനുകൂല സംഘത്തിന്‍റെ ആക്രമണത്തില്‍ അദ്ദേഹത്തിന്‍റെ കൈയ്ക്കു വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. വസതിക്കു മീതെ ഡ്രോണുകള്‍ പറക്കുക, പാര്‍ക്കിംഗ് സ്ഥലത്തേയ്ക്കു മോട്ടോര്‍ സൈക്കിളുകള്‍ അതിക്രമിച്ചു കടക്കുക തുടങ്ങിയ സംഭവങ്ങള്‍ പതിവായിരുന്നു. ഈ സാഹചര്യത്തിലാണോ അദ്ദേഹത്തെ വത്തിക്കാനിലേയ്ക്കു മാറ്റുന്നതെന്നും വ്യക്തമല്ല. ബിഷപ് ബയിസിനെ വത്തിക്കാനില്‍ ആവശ്യമുണ്ടെന്നു മാത്രമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അറിയിപ്പ്.

നിക്കരാഗ്വയില്‍ പ്രസിഡന്‍റ് ഭരണമൊഴിയണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭങ്ങള്‍ നടന്നു വരികയാണ്. ആഭ്യന്തരസംഘര്‍ഷത്തില്‍ ഇതിനകം നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആരംഭത്തില്‍ പ്രതിപക്ഷത്തിനും ഭരണകൂടത്തിനും ഇടയില്‍ മദ്ധ്യസ്ഥത വഹിച്ചിരുന്നയാളാണ് ബിഷപ് ബയിസ്. പിന്നീട് അദ്ദേഹം ഒര്‍ട്ടേഗയുടെ കടുത്ത വിമര്‍ശകനായി മാറുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org