യുവജനങ്ങള്‍ സമൂഹത്തിന് വെളിച്ചം പകരുന്നവരാകണം – ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം

യുവജനങ്ങള്‍ സമൂഹത്തിന് വെളിച്ചം പകരുന്നവരാകണം  – ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം

യുവജനങ്ങള്‍ വിശ്വാസം നല്കുന്ന വെളിച്ചത്തില്‍ നടക്കുന്നവരും സമൂഹത്തിന് പ്രത്യാശയുടെ വെളിച്ചം പകരുന്നവരുമാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. കേരള കത്തോലിക്കാ സഭയിലെ പിതാക്കന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും യുവജന നേതാക്കളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ കൂടുതലായി കേള്‍ക്കാന്‍ സഭ ആഗ്രഹിക്കുന്നു. സഭയിലും സമൂഹത്തിലും ക്രിസ്തുവിന്‍റെ മുഖം ആവിഷ്കരിക്കാന്‍ മറ്റാരേക്കാള്‍ കൂടുതല്‍ യുവജനങ്ങള്‍ക്കു കഴിയും. സുവിശേഷത്തിന്‍റെ ആനന്ദം ലോകത്തിനു പകര്‍ന്നു നല്കാനും കൂടുതല്‍ മെച്ചമായ ഒരു ലോകം നിര്‍മിക്കാനും യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
2018 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന ആഗോളസഭയിലെ മെത്രാന്മാരുടെ 15-ാം പൊതുസമ്മേളനത്തിന് മുന്നൊരുക്കമായാണ് കെസിബിസി ദൈവശാസ്ത്ര കമ്മീഷന്‍റെ നേതൃത്വത്തില്‍ "യുവജനം, വിശ്വാസം, വിളി വിവേചിച്ചറിയല്‍" എന്ന വിഷയത്തില്‍ ദൈവശാസ്ത്ര സംവാദം നടന്നത്. ഡോ. ഗില്‍ബര്‍ട്ട് ചൂണ്ടേല്‍, ഡോ. സെബാസ്റ്റ്യന്‍ പുത്തേന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ് എബ്രഹാം മാര്‍ യൂലിയോസ്, ബിഷപ് ജോസഫ് മാര്‍ തോമസ്, ഡോ. മാത്യു ജേക്കബ് തിരുവാലില്‍, ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, സിസ്റ്റര്‍ സുമം എസ്ഡി, പ്രദീപ് മാത്യു, ഡീന പീറ്റര്‍, ജോസഫ് അന്നക്കുട്ടി ജോസ് എന്നിവര്‍ പാനല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org